കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയിരുന്നു : ഹാക്കർ
ന്യൂഡെൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടത്താമെന്ന് അമേരിക്കയിലെ സൈബര്‍ സുരക്ഷാ വിദഗ്‌ദ്ധന്റെ വെളിപ്പെടുത്തല്‍. 2014ലെ തിരഞ്ഞെടുപ്പില്‍ യന്ത്രത്തില്‍ കൃത്രിമത്വം നടന്നിരുന്നു. ഇക്കാര്യം അറിയാമായിരുന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കൊലപ്പെടുത്തിയെന്നും ഹാക്കര്‍ ആരോപിക്കുന്നു. ഇതിന് തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും ഇക്കാര്യം ഉടന്‍ തന്നെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും ലണ്ടനില്‍ നടന്ന ഇ.വി.എം ഹാക്കത്തോണ്‍ പരിപാടിയില്‍ ഇയാള്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്‌തത് താനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സെയിദ് ഷുജാ എന്നയാളാണ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്ന് ബി.ജെ.പി നേതാവായിരുന്ന ഗോപിനാഥ് മുണ്ടേക്ക് അറിയാമായിരുന്നു. ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ഭയന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് അദ്ദേഹത്തെ കൊന്നതെന്നും ഹാക്കര്‍ ആരോപിക്കുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവും നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടേയെ റോഡ് അപകടത്തിലൂടെയാണ് വധിച്ചത്. 2014ല്‍ മോദി ജയിച്ചതിന് രണ്ടാഴ്‌ചയ്‌ക്ക് ശേഷമാണ് മുണ്ടേ മരിക്കുന്നത്.
അതേസമയം, ലണ്ടനില്‍ നടന്ന ഹാക്കറുടെ വാര്‍ത്താ സമ്മേളനം വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.