കാനയിലേക്കുള്ള മാലിന്യമൊഴുക്ക് തടസപ്പെടുത്തിയാൽ ലോഡ്ജുകൾ അടച്ചിടും :ഉടമകൾ

">

ഗുരുവായൂർ : ഗുരുവായൂരിലെ ലോഡ്ജുകളില്‍ നിന്നുള്ള മലിന ജലം പൊതുനിരത്തിലെ കാനകളിലേക്ക് ഒഴുക്കുന്നത് തടസപ്പെടുത്തിയാല്‍ ലോഡ്ജുകള്‍ അടച്ചിടുമെന്ന് ഭീഷണി മുഴക്കി ലോഡ്ജ് ഉടമകള്‍. കുളിമുറികളിലെ മലിനജലം, മാലിന്യ സംസ്‌കരണ ടാങ്കില്‍ നിന്നുള്ള അധിക ജലവും കാനയിലേക്ക് ഒഴുക്കാനായില്ലെങ്കില്‍ തങ്ങള്‍ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ലോഡ്ജുടമകള്‍ കൂട്ടമായെത്തി നഗരസഭാധ്യക്ഷയെ അറിയിച്ചു. അമൃത് പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന കാന നിര്‍മ്മാണത്തില്‍ ലോഡ്ജുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ അടച്ചുകൊണ്ടിരിക്കുന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തിയാകും മുൻപ് മലിനജലം പൊതുനിരത്തിലെ കാനയിലേക്ക് ഒഴുക്കുന്നത് തുടരാനായില്ലെങ്കില്‍ ലോഡ്ജ് അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന കാന നിര്‍മാണത്തില്‍ മലിനജലം ഒഴുക്കിവിടുന്നതിനുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കക്കൂസ് മാലിന്യം നേരിട്ട് ഒഴുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും അറിയിച്ചു. നോട്ട് നിരോധനം, പ്രളയം, ശബരിമല പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തില്‍ ലോഡ്ജ് വ്യവസായം വന്‍ പ്രതിസന്ധിയിലാണെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors