Header

രേഷ്മ നിഷാന്തും ഷാനിലയും അയ്യപ്പദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്.

ശബരിമല : പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം മല കയറാതെ തിരിച്ചിറങ്ങിയ രേഷ്മ നിഷാന്തും ഷാനിലയും അയ്യപ്പദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട്. പൊലീസിന്റെ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് ഇവര്‍ ശബരിമല കയറിയതെന്ന് വിവിധ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ പൊലീസോ സര്‍ക്കാരോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ശബരിമല ദര്‍ശനത്തിന് ഇവരെ സഹായിച്ച എന്ന ഫേസ്ബുക്ക് കൂട്ടായ്മ തങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലും ദര്‍ശനം സംബന്ധിച്ച സൂചനകള്‍ ഉണ്ട്.

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ആദ്യം തിരിച്ചിറങ്ങി. പക്ഷെ രണ്ടാമതും എത്തി. പൊലീസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇവര്‍ രണ്ടാമതും എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇരുവരും ദര്‍ശനം നടത്താന്‍ എത്തുന്നു എന്ന വാര്‍ത്ത പൊലീസ് തന്നെ പുറത്തു വിട്ടു. തുടര്‍ന്ന് മാദ്ധ്യമങ്ങളും പ്രതിഷേധക്കാരും നിലയ്ക്കലില്‍ രേഷ്മയെയും ഷാനിലയും പ്രതീക്ഷിച്ചു നില്‍ക്കവെ ഇരുവരുമായി സാദൃശ്യമുള്ള രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഇവരുടെ വേഷത്തില്‍ പൊലീസ് തിരിച്ചയച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്നാണ് ഇരുവരും തിരിച്ചു പോയെന്ന് മാദ്ധമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും പറയുന്നു. മാദ്ധ്യമങ്ങളും പ്രതിഷേധക്കാരും ഇവര്‍ക്കു പിന്നാലെ പോയപ്പോഴാണ് യുവതികളെയും കൊണ്ട് പൊലീസ് സന്നിധാനത്തെത്തിയതെന്നാണ് വാര്‍ത്തകള്‍.

Astrologer

സന്നിധാനത്ത് എത്തിയ ഇരുവരും പതിനെട്ടാം പടി ചവിട്ടാതെയാണ് ദര്‍ശനം നടത്തി മടങ്ങിയതെന്നും വിവരമുണ്ട്. രേഷ്മയും ഷാനിലയും ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇരുവരുടെയും സമ്മതമില്ലാതെ അത് പുറത്തു വിടില്ലെന്നും രേഷ്മയുടെയും ഷാനിലയുടെയും വീടിന് പൊലീസ് സംരക്ഷണം നല്‍കിയെന്നും പറയപ്പെടുന്നു.

എന്നാല്‍ പൊലീസോ സര്‍ക്കാരോ യുവതികളോ ഇത് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.