All posts by pinpanel

ക്ഷേത്ര നടയിൽ സ്വകാര്യ കമ്പനിയുടെ പരസ്യം , ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിൽ ബഹളം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ സ്വകാര്യ കമ്പനിക്ക് പരസ്യം പതിക്കാൻ അനുമതി നൽകിയതിനെ ചൊല്ലി ദേവസ്വം ഭരണ സമിതി യോഗത്തിൽ ബഹളം . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് സാനിറ്റെസേഷനു വേണ്ടിവരുന്ന നേച്ചര്‍ പ്രൊറ്റക്ടറ്റ് എന്ന ഹിന്ദുസ്ഥാന്‍ യുണി ലിവറിന്റെ ഉത്പന്നം വഴിപാട് നല്‍കുന്നതിലൂടെ ഗുരുവായൂര്‍ ക്ഷേത്രത്തേയും, ദേവസ്വത്തേയും പരസ്യ ചിത്രത്തിന് ഉപയോഗിച്ച് വഞ്ചിച്ചുവെന്നും, അതിന് നഷ്ടപരിഹാരമായി അവരില്‍നിന്നും ഒരു കോടിരൂപ നഷ്ടപരിഹാരം വാങ്ങണ മെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം .ദേവസ്വം ചെയർമാന്റെ മൗനാനുവാദത്തോടെയാണ് ചിത്രീകരണം നടത്തിയതെന്ന് ഭരണ സമിതി അംഗങ്ങൾ ആരോപിച്ചു .താനിത് അറിഞ്ഞിട്ടില്ലെന്ന നിലപാടില്‍ ചെയര്‍മാന്‍ ഉറച്ചുനിന്നതോടേയാണ് തര്‍ക്കത്തിന് തുടക്കമായത് ദേവസ്വം ഭരണസമിതി അംഗങ്ങൾ തമ്മിൽ അഭിപ്രായ വിത്യാസത്തെ തുടർന്ന് യോഗം പൂർത്തിയാക്കാതെയാണ് പിരിഞ്ഞത്. നാളെയും തുടരേണ്ട യോഗം അംഗങ്ങളുടെ വിയോജിപ്പിനെ തുടർന്ന് മാറ്റിവെച്ചു

ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താൻ അനുവാദം വാങ്ങി അനധികൃതമായി പരസ്യചിത്രമെടുക്കുകയും കച്ചവടലാഭം ലക്ഷ്യമായി പ്രവർത്തികുകയും ചെയത കമ്പനിക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പുറമേ കോടതിയെ സമീപിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഹിന്ദുസ്ഥാൻ യൂണിലിവർ എന്ന കമ്പനി, നടി അനുശ്രി, സിക്‌സത് സെൻസ് എന്ന കമ്പനി ഉദ്യോഗസ്ഥനായ ശുഭം ദുബെ എന്നിവർക്കെതിരെയാണ് ഗുരുവായൂർ ദേവസ്വം സിവിൽകോടതിയെ സമീപിക്കുന്നത്. ഇവരിൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കാനും ഇവരുടെ കൈവശമുള്ള പരസ്യചിത്രം പ്രദർശിപ്പിക്കാതിരിക്കാനും ഇവരുടെ പക്കലുള്ള ഇലക്ട്രോണിക്‌സ് രേഖകൾ തിരിച്ച് വാങ്ങുന്നതിനുമായി വക്കീൽ നോട്ടീസ് അയക്കും. പരസ്യം ചിത്രീകരിക്കുന്നത് തടയാതിരുന്ന ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച യെകുറിച്ച് അന്വേഷണം നടത്താൻ കമ്മിറ്റിയെയും നിയോഗിച്ചു. ദേവസ്വത്തിൽ നിന്ന് വിരമിച്ച ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ സി.ശങ്കരനുണ്ണി, പി.എ.അശോക് കുമാർ എന്നിവർ കൺവീനർമാരായ കമ്മിറ്റിയെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.

കമ്മിറ്റി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് ദേവസ്വം ഭരണസമിതിക്ക് സമർപ്പിക്കണം. കഴിഞ്ഞ 12 മുതൽ 15 വരെ ക്ഷേത്രപരിസരത്ത് സാനിറ്റൈസേഷൻ നടത്താൻ കമ്പനി അനുവാദം വാങ്ങുകയും ഇതിന്റെ മറവിൽ പരസ്യചിത്രമെടുക്കുകയുമായിരുന്നു. നടി ഇൻസ്റ്റാഗ്രാം വഴി പരസ്യ ചിത്രം പുറത്ത് വിട്ടതിനെ തുടർന്നാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കഴിഞ്ഞ ദിവസം ടെമ്പിൾ പോലീസിൽ പരാതി നൽകിയത്. ക്ഷേത്രത്തിന് 20 മീറ്റർ ചുറ്റളവിൽ പരസ്യം സ്ഥാപിക്കുന്നതിനും പരസ്യചിത്രീകരണം നടത്തുന്നതിനും കോടതി വിലക്കുണ്ട്. ഇത് മറി കടന്നാണ് ചിത്രീകരണം നടത്തിയതെന്നാണ് പരാതി. . ക്ഷേത്രപരിസരത്ത് പരസ്യചിത്രമെടുത്തതിനെതിരെ ഭക്തസംഘടനകൾക്കിടയിൽ വ്യാപക പ്രതിഷേധവുമുണ്ട്.

ഗു

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്ചൽ ക്യൂ വഴി 4000 പേർക്ക് ദർശനം അനുവദിക്കും .

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനുമുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ വീണ്ടും ഇളവനുദിച്ചു. ഇത്തവണത്തെ ഉത്സവം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്താനും ഭരണസമിതിയോഗത്തിൽ തീരുമാനമായി. വെർച്ചൽ ക്യൂ വഴി പ്രതിദിനം 3000 പേർക്ക് ദർശനത്തിന് അനുമതിയുണ്ടായിരുന്നത് 4000 മാക്കി ഉയർത്തി. വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 22 പേർക്ക് പ്രവേശനം അനുവദിക്കും. ഓരോ ഉദയാസ്തമന പൂജ വഴിപാടാക്കിയവർക്കും രണ്ട് പേർക്ക് വീതം അരിയളവിൽ പങ്കെടുക്കാം.

ഉദയാസ്തമനപൂജ, ചുറ്റുവിളക്ക് എന്നിവ വഴിപാടാക്കിയ ഓരോരുത്തർക്കും 10 പേരെ വീതം നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കാനും അനുമതി നൽകി. ഒരു ദിവസം മൂന്ന് ഉദയാസ്തമന പൂജ വരെ നടത്താം. പുതുതായി ഉദയാസ്തമന പൂജ ബുക്ക് ചെയ്യുന്നവർക്ക് ഒറ്റതവണയായി അഞ്ച് പേർക്ക് നാലമ്പലത്തിലേക്ക്് പ്രവേശിക്കാനും അനുമതി നൽകി. നിയന്ത്രിതമായ രീതിയിൽ ഉത്സവം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ വിവിധ വകുപ്പ് തലവന്മാർക്ക് നിർദേശം നൽകും. ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ, ആരോഗ്യവിഭാഗം, പോലീസ് എന്നിവരുടെ യോഗം വിളിക്കുന്നതിന് കളക്ടർ, എം.എൽ.എ എന്നിവർക്ക് കത്ത് നൽകും. ക്ഷേത്രത്തിലെ എല്ലാ പണമിടപാട് കൗണ്ടറുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അധ്യക്ഷത വഹിച്ചു.

എൽ ഡി എഫിന് തുടർഭരണം ലഭിച്ചാൽ അത് യു ഡി എഫ് പ്രവർത്തകരുടെ കൂട്ട കുരുതിയാകും : കെ മുരളീധരൻ

ഗുരുവായൂർ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിച്ചാൽ അത് യു ഡി എഫ് പ്രവർത്തകരുടെ കൂട്ട കുരുതിയാകുമെന്ന് കെ മുരളീധരൻ എം പി . സി പി എം പാർട്ടി ഗ്രാമങ്ങളിൽ കോൺഗ്രസ് വിജയിച്ചിടത്ത് കോൺഗ്രസ് പ്രവർത്തകന്റെ കയ്യും കാലും വെട്ടിയാണ് സി പി എം പക തീർത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . എം.എൽ.എ.യും ,കെ.പി.സി.സി. ജനറൽ സെക്രട്ടറിയും ഖാദി ബോഡ് വൈസ് ചെയർമാനും ഗുരുവായൂർ കോഓപറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമായിരുന്ന അഡ്വ: വി. ബാലറാം സ്മാരക ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനവും പ്രഥമഅനുസ്മരണ സമ്മേളനവും .ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

കണക്കുകളുടെ കവിടി നിരത്തി സായൂജ്യമടയുന്ന നേതൃത്വമല്ല, മറിച്ച് ത്യാഗസന്നദ്ധതയും ആത്മാർത്ഥതയും സന്നിവേശിപ്പിച്ച വി.ബാലറാമിനെപ്പോലുള്ളവരുടെ മാതൃകാപരമായ നേതൃത്വമാണ് കോൺഗ്രസ്സിന് ഈ ദുർഘട സന്ധിയിൽ അനിവാര്യമെന്ന് കെ.മുരളീധരൻ എം.പി. അഭിപ്രായപ്പെട്ടു. ആശയാധിഷ്ഠിതമായ ഗ്രൂപ്പല്ല, ആമാശയ നിവൃത്തിയുടെ ഗ്രൂപിനടിപ്പെട്ടതാണ് സംഘടനയുടെ പരാജയ കാരണമെന്നും ആത്മവിമർശനമദ്ധ്യേ അദ്ദേഹം തുറന്നു പറഞ്ഞു. 2011 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഡി.സി.സി.പ്രസിഡണ്ടെന്ന നിലക്ക് വി.ബാലറാം നൽകിയ സംഭാവന എക്കാലവും കോൺഗ്രസ്സ് പ്രവർത്തകർക്ക് മാതൃകയാണെന്നും മുരളീധരൻ തുടർന്നു പറഞ്ഞു.

ട്രസ്റ്റ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി. ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, മുൻ എം.എൽ.എ. ടി.വി.ചന്ദ്രമോഹൻ, കെ.പി.സി.സി സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം പി.കെ.അബൂബക്കർ ഹാജി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസി:മിസ്രിയ മുസ്താഖ് അലി, അർബൻ ബാങ്ക് പ്രസിഡണ്ട് വി.വേണുഗോപാൽ, ബാർ കൗൺസിൽ ഓഫ് ഇൻഡ്യ മുൻ എക്സി: ചെയർമാൻ ടി.എസ്.അജിത്, ട്രസ്റ്റ് സെക്രട്ടറി വി.കെ.ജയരാജൻ, യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ കെ.നവാസ്, ടി.എൻ.മുരളി, ജി.കെ.പ്രകാശ്, പ്രസ് ക്ലബ് പ്രസി:ആർ.ജയകുമാർ, അരവിന്ദൻ പല്ലത്ത് തുടങ്ങിയവർ സംസാരിച്ചു. ജീവകാരുണ്യ, വിദ്യാഭ്യാസ, ചികിത്സാ സഹായ, പെൻഷൻ വിതരണോദ്ഘാടനങ്ങളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

ചാവക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ കോവിഡ് പരിശോധന കിയോസ്ക് സ്ഥാപിക്കും

ചാവക്കാട്: നഗരസഭാ പ്രൈവറ്റ് സ്റ്റാൻഡിൽ കോവിഡ്-19 പരിശോധന നടത്തുന്നതിന് കിയോസ്ക് സ്ഥാപിക്കാൻ ഭരണാനുമതി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന പുതിയ ഭരണസമിതിയുടെ പ്രഥമ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഗരസഭയില്‍ നടപ്പാക്കിയ നിലാവ് പദ്ധതി ഇരുട്ട് പദ്ധതിയായെന്ന് കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ്. അംഗങ്ങളുടെ വിമര്‍ശനം.പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്നും കേടുവന്നാല്‍ നന്നാക്കുന്നില്ല , വര്‍ഷത്തില്‍ 20 ലക്ഷം രൂപ കരാറുകാരന് അറ്റകുറ്റപണിക്കായി നല്‍കുന്നുണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും യു.ഡി.എഫ്. അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചു. എല്‍.ഇ.ഡി. വിളക്കുകള്‍ നാശമായാല്‍ പകരം സി.എഫ്.എല്‍. വിളക്കുകളാണ് ഇടുന്നതെന്നും ,കേടായ വിളക്കുകള്‍ 48 മണിക്കൂറിനകം മാറ്റിസ്ഥാപിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും ആഴ്ചകള്‍ കഴിഞ്ഞാലും വിളക്കുകള്‍ മാറ്റുന്നില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു.വിഷയത്തില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് നഗരസഭാ അധ്യക്ഷ മറുപടി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ തദേശസ്ഥാപനങ്ങളിലെയും തെരുവുവിളക്കുകള്‍ എല്‍.ഇ.ഡി.യാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ”നിലാവ്”. ചില വാര്‍ഡുകളില്‍ മാത്രമാണ് വിളക്കുകള്‍ കത്താത്തതെന്നും മറ്റിടങ്ങളില്‍ പ്രശ്‌നമില്ലെന്നും എല്‍.ഡി.എഫ്. അംഗം എം.ആര്‍.രാധാകൃഷ്ണന്‍ പറഞ്ഞു.നഗരസഭാ പരിധിയിലെ ഇലക്ട്രീഷന്‍മാര്‍ക്ക് താത്കാലിക നിയമനം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന യു.ഡി.എഫ്. നിര്‍ദേശം പരിഗണിക്കാമെന്ന് നഗരസഭാ അധ്യക്ഷ പറഞ്ഞു.

നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പും വാര്‍ഡ് സഭകളും ചേരാന്‍ തീരുമാനിച്ചു.വിവിധ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് ലഭിച്ച 20 ലക്ഷം രൂപയുടെ ഓഫറുകള്‍ അംഗീകരിച്ചു.നഗരസഭിലെ ശുചീകരണ ജീവനക്കാരുടെ എണ്ണം ഇരുപതില്‍നിന്ന് ആനുപാതികമായി ഉയര്‍ത്താന്‍ സര്‍ക്കാരിന്റെ അനുമതി തേടാനും തീരുമാനിച്ചു.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി മൂന്ന് മസ്റ്ററിംഗ് ഉപകരണങ്ങള്‍ വാങ്ങും.ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിയ്ക്കുന്ന അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് വിപണനം ചെയ്യാന്‍ ക്ലീന്‍ കേരള കമ്പനിയുമായി കരാരിലേര്‍പ്പെടാനും ജൈവ വൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്, കെ.വി.സത്താര്‍, വി.ജെ.ജോയ്‌സി, ഷാഹിദ മുഹമ്മദ്, ബുഷറ ലത്തീഫ്, ഷാഹിന സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

സിഎജി റിപ്പോര്‍ട്ടില്‍ കടക്കെണിയുടെ ചിത്രം . സര്‍ക്കാരിന്റെ കടമെടുപ്പ് ഭരണഘടനാ വിരുദ്ധം.

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കിയതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാക്കി സിഎജിയുടെ റിപ്പോര്‍ട്ട്. കേരളത്തിലെ ഓരോ വ്യക്തിയെയും പണയപ്പെടുത്തി സര്‍ക്കാരെടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതകളായി മാറുമെന്നത് ഉള്‍പ്പെടെയുള്ള രൂക്ഷ വിമര്‍ശനങ്ങളാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ച കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ബോണ്ടുകള്‍ മുതലായവ മുഖാന്തിരം 3,106.57 കോടി രൂപയാണ് കിഫ്ബി കടമെടുത്തത്.

കിഫ്ബിക്ക് കൈമാറാനായി സ്വന്തം വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ മാറ്റിവെച്ച പെട്രോളിയം സെസ്, മോട്ടോര്‍ വാഹന നികുതി വിഹിതം എന്നിവയില്‍ നിന്നാണ് ഇത് തിരിച്ചടക്കേണ്ടത്. ഈ കടമെടുപ്പില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മസാല ബോണ്ടുകള്‍ വഴി ലഭ്യമായ 2,150 കോടിയും ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കിഫ്ബിക്ക് വരുമാന സ്രോതസുകളൊന്നും ഇല്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയ കിഫ്ബിയുടെ കടമെടുപ്പുകള്‍ ആത്യന്തികമായി സംസ്ഥാനത്തിന്റെ പ്രത്യേക്ഷ ബാധ്യതകളായി മാറും. ഇത്തരം കടമെടുപ്പുകള്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്ന പക്ഷം പതിനാലാം ധനകാര്യകമ്മീഷന്റെയും കേരള സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിലെയും ധനക്കമ്മിയുടെ മൂന്ന് ശതമാനമെന്ന പിരിധിയും കടം ജിഎസ്ഡിപി അനുപാതത്തിന്റെ 30 ശതമാനമെന്ന പരിധിയും മറികടക്കുന്നതിന് അനിവാര്യമാക്കും. നിലവില്‍ ധനക്കമ്മി 3.45 ശതമാനമാണ്. കടമാകട്ടെ, ജിഎസ്ഡിപി അനുപാതത്തിന്റെ 30.91 ശതമാനവും. ഇത്തരം കടമെടുപ്പുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ 293(1) വകുപ്പിന് അനുസൃതവുമല്ലെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക ബാധ്യതയില്‍ വിപണി വായ്പകള്‍ക്ക് പ്രമുഖ പങ്കുണ്ട്. ഇത് 54 ശതമാനമാണ്. 2018-19 കാലയളവില്‍ സംസ്ഥാനത്തിന് വികസന കാര്യങ്ങള്‍ക്ക് വേണ്ടി ലഭ്യമായ കടം 3168 കോടി രൂപ മാത്രമാണ്. പൊതുകടമാകട്ടെ വരവിന്റെ 13 ശതമാനം മാത്രം. കാലാവധി പൂര്‍ത്തിയാക്കല്‍ രൂപരേഖ പ്രകാരം കടത്തിന്റെ ഏകദേശം 51.22 ശതമാനം, അതായത് 81,056.92 കോടി രൂപ 2026 മാര്‍ച്ചിനുള്ളില്‍ തിരിച്ചടയ്ക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംസ്ഥാന സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയുടെ വിശദമായ കാഴ്ചപ്പാടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി ഇപ്രകാരമാണ്: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂ കമ്മി 13,796 കോടിയായിരുന്നു. എന്നാലത് ഇപ്പോള്‍ 17,462 കോടിയായി വര്‍ധിച്ചു.

ധനക്കമ്മി യുഡിഎഫ് കാലത്ത് 18,642 കോടിയായിരുന്നു. ഇപ്പോഴത് 26,958 കോടിയായി ഉയര്‍ന്നു. മിതകാല സാമ്പത്തിക സാമ്പത്തിക പദ്ധതിയിലും കേരള സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിലുമുള്ള ലക്ഷ്യങ്ങളൊന്നും കൈവരിക്കുന്നതിന് പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ധനക്കമ്മി ജിഎസ്ഡിപി അനുപാതം മൂന്ന് ശതമാനത്തില്‍ നിലനിര്‍ത്തേണ്ടതാണ്. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 3.4 ശതമാനമായി ഉയര്‍ന്നുവെന്ന കാര്യം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.

കോങ്ങാട് എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു

തൃശ്ശൂർ : കോങ്ങാട് എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു. 2011 മുതല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ യാണ് കെ.വി വിജയദാസ്. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് ഭേദമായെങ്കിലും ആരോഗ്യ നില മോശമായി തുടരുകയായിരുന്നു. 61 വയസായിരുന്നു. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോജജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.പ്രേമകുമാരിയാണ് ഭാര്യ.. ജയദീപ്‌, സന്ദീപ്‌ എന്നിവർ മക്കളാണ്.സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗവും കർഷകസംഘം ജില്ലാ പ്രസിഡന്റുമാണ്. ജില്ലാ പഞ്ചായത്ത്‌ നിലവിൽവന്ന 1995ൽ ആദ്യ പ്രസിഡന്റായി. ലോകത്തിന്‌ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ്‌ പ്രസിഡന്റായിരിക്കെയാണ് ‌ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്‌. ഒരു ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ നടപ്പാക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതിയും മീൻവല്ലമാണ്‌. കെ എസ്‌ വൈ എഫിലൂടെ പൊതുപ്രവർത്തനരംഗത്ത്‌ വന്നു. ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന്‌ പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പട്ടു. തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്‌, സംസ്ഥാന സഹകരണ ബാങ്ക്‌ ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌, എലപ്പുള്ളി സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ ചുമതലകളും വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസവുംഅനുഭിച്ചിട്ടുണ്ട്‌. .നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്..

 

ചാവക്കാട് മുട്ടിൽ പാടശേഖരത്ത് ഞാറുനടീൽ നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് നിർവഹിച്ചു.

ചാവക്കാട് : നഗരസഭയുടെ സഹായത്തോടെ മുട്ടിൽ പാടശേഖരത്ത് കൃഷിയിറക്കുന്നതിന്റെ ഞാറുനടീൽ ഉത്സവം നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 80 ഏക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. ചാവക്കാട് നഗരസഭ കൃഷിഭവൻ സബ്സിഡിയോടുകൂടിയാണ് കൃഷി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലീം, ബുഷ്റ ലത്തീഫ്, പ്രസന്ന, മുഹമ്മദ് അൻവർ, അബ്ദുൽ റഷീദ്, സെക്രട്ടറി കെ എസ് സുമേഷ്, കൃഷി അസിസ്റ്റന്റ് ഓഫീസർ ജിസ്മ എന്നിവർ പങ്കെടുത്തു

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വി ബലറാം അനുസ്മരണം നടത്തി

ഗുരുവായൂർ:   മുൻ എം.എൽ.എയും, വിവിധ ബോർഡ് ചെയർമാനും, കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മികച്ച സഹകാരിയുമായിരുന്ന വി.ബാലറാമിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ  അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ ബാലാജിയുടെ ഛായാചിത്രം അനാഛാദനം ചെയ്ത് പുഷ്പാജ്ഞലി അർപ്പിച്ച് അനുസ്മരണ സമ്മേളനം കെ.പി.സി.സി.സെക്രട്ടറി സി.സി.ശ്രീകുമാർ ഉൽഘാടനം ചെയ്തു.

പി.ടി.മോഹനകൃഷ്ണൻ, സി.എൻ.ബാലകൃഷ്ണൻ എന്നിവരുടെ ഛായാചിത്രങ്ങളും സി.സി.ശ്രീകുമാർ പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡണ്ടു് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ പി.ഐ. ലാസർ ബാലൻ വാറണാട്ട് , ബാലകൃഷ്ണൻ മടപ്പാട്ടിൽ . യൂത്ത് കോൺസ്സ് മണ്ഡലം പ്രസിഡണ്ടും, കൗൺസിലറുമായ സി.എസ്.സൂരജ്, മുൻ നഗരസഭ കൗൺസിലർമാരായ ഷൈലജ ദേവൻ, സുഷാ ബാബു, സി.അനിൽകുമാർ, മണ്ഡലം സെക്രട്ടറിമാരായ. ബാബുരാജ് ഗുരുവായൂർ, എ.കെ.ഷൈമിൽ, മുരളി ചിറ്റാട; ഒ.പി.ജോൺസൺ, ബഷീർ കുന്നിയ്ക്കൽ, പ്രമീള ശിവശങ്കരൻ ,എൻ.വാസുദേവൻ നായർ ,പി.എം.മുഹമ്മദുണ്ണി, സി.ശിവശങ്കരൻ ,ഹൂ മയൂൺ കബീർ, നവനീത് കണ്ണൻ എന്നിവർ  പ്രസംഗിച്ചു

നടി അനുശ്രീക്കും ,ഹിന്ദുസ്ഥാൻ ലിവറിനുമെതിരെ ഗുരുവായൂർ ദേവസ്വം പോലിസിൽ പരാതി നൽകി

ഗുരുവായൂർ: വഴിപാടായി ശുചീകരണം നടത്തുന്നു എന്ന പേരിൽ അനധികൃതമായി പരസ്യ വീഡിയോ  ചിത്രീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ഹിന്ദുസ്ഥാൻ യൂണിലിവർ, സിനിമാതാരം  അനുശ്രീ,സികസ്ത് സെൻസ് എന്ന പരസ്യ കമ്പനിയുടെ ഉദ്ദ്യോഗസ്ഥനായ ശുഭം ദുബെ  തുടങ്ങിയവർക്കെതിരെ  ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകി. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തേക്ക് സാനിറ്റെ സേഷനു വേണ്ടി വരുന്ന നേച്ചർ പ്രൊറ്റക്ടറ്റ് എന്ന ഹിന്ദുസ്ഥാൻ യുണി ലിവറിന്റെ  ഉത്പന്നം വഴിപാട് നൽകുന്നതിനും ജനുവരി 12 മുതൽ 15 വരെ യുള്ള തീയതികളിൽ ക്ഷേത്ര പരിസരത്തു സാനിറ്റെ സേഷൻ നടത്തുന്നതിനും  വേണ്ടി അപേക്ഷ നൽകിയിരുന്നു .ഇതിന് ദേവസ്വo ഭരണ സമിതി നൽകിയ   അനുമതി ദുർവിനിയോഗം ചെയ്യുകയും ആയതിന്റെ  മറവിൽ അനധികൃതമായി പരസ്യചിത്രം നിർമ്മിച്ച് ചലച്ചിത്ര താരം അനുശ്രി തന്റെ  ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രസIദ്ധീകരിക്കുകയും ചെയ്തിരുന്നു . ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിച്ച് അനധികൃതമായി പ്രവർത്തിച്ചതിനെതിരെയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ ടെംപിൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്

പൊലീസ് കാൻറീൻ നടത്തിപ്പിൽ അഴിമതിയെന്ന് അന്വേഷണ റിപ്പോർട്ട്.

പത്തനംതിട്ട: അടൂർ സബ്സിഡിയറി പൊലീസ് കാൻറീൻ നടത്തിപ്പിൽ അഴിമതി ആരോപണവുമായി കെഎപി മൂന്നാം ബെറ്റാലിയൻ കമാണ്ടന്റ് ജെ. ജയനാഥ് ഐപിഎസ്. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ജയനാഥ് റിപ്പോർട്ട് നൽകി. കാന്റിനിലേക്ക് സാധനങ്ങൾ വാങ്ങുന്നതിലും ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെന്നാണ് ആരോപണം.

2018- 2019 കാലഘട്ടത്തിൽ പൊലീസ് കാന്റീനിൽ 42,29,956 രൂപയുടെ ചെലവാകാൻ സാധ്യത ഇല്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് ജയനാഥ് ഐപിഎസിന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാൽ ഉള്ള നിർദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടൽ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു വനിത ഉദ്യേഗസ്ഥയുടെ നിർദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇതിന് പുറമെ കാന്റീനിൽ നിന്ന് 11,33,777 രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും 2,24.342 രൂപയുടെ കണക്കിൽപ്പെടാത്ത സാധനങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിവർഷം 15 മുതൽ 20 കോടി രൂപ വരെ വിൽപ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളിൽ ഒന്നാണ് അടൂർ. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ മറ്റ് കാന്റീനുകളിലും ഇതുപോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ജയനാഥ് ഐപിഎസ് ചൂണ്ടിക്കാട്ടുന്നു.

കാന്റീൻ പ്രവർത്തനങ്ങൾ സ്വതന്ത്രമായാ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും നിലവിലുള്ള കാന്റീൻ കമ്മിറ്റികൾ പൊളിച്ചെഴുതിയാൽ മാത്രമെ കൂടുതൽ ക്രമക്കേടുകൾ പുറത്ത് കൊണ്ട് വരാൻ കഴിയു എന്നും ജയനാഥ് പറയുന്നു. പൊലീസിന് പുറത്തുള്ള ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്നുമാണ് റിപ്പോർട്ടിലെ ആവശ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിരന്തരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് ജയനാഥ് വകുപ്പുതല അന്വേഷണം നടക്കുന്നതിനിടയിലാണ് അഴിമതി പുറത്തുകാട്ടിയുള്ള റിപ്പോർട്ട്.