Madhavam header
Above Pot

മെക്സിക്കോയെ കീഴടക്കി തിരിച്ചു വരും : ലയണൽ മെസി

ദോഹ : ‘വലിയ പ്രഹരമാണ് ഏറ്റത്’- ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോടേറ്റ തോൽവിക്ക് പിന്നാലെ അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പ്രതികരണം. ഈ തോൽവിയിൽ നിന്ന് തിരിച്ചു വരുമെന്നും മെസി വ്യക്തമാക്കി

‘കനത്ത ആഘാതമാണ് തോൽവി ഏൽപ്പിച്ചത്. വേദനിപ്പിക്കുന്ന അവസ്ഥ. പക്ഷേ ആത്മവിശ്വാസം വിടാതെ ഇരിക്കേണ്ടത് അനിവാര്യമാണ്. വിട്ടു കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. മെക്സിക്കോയെ കീഴടക്കി തിരിച്ചു വരും.

Astrologer

‘സൗദി അറേബ്യ മികച്ച കളിക്കാരുള്ള ടീമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർക്ക് പന്തിൽ നല്ല നിയന്ത്രണവുമുണ്ടായിരുന്നു. ഹൈ ലൈൻ പന്തുകളും അവർ കളിച്ചു. മികച്ച രീതിയിൽ തന്നെ അവരെ നേരിടാൻ സാധിച്ചുവെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അൽപ്പം ആവേശം കൂടിപ്പോവുകയും ചെയ്തു. എങ്കിലും തോൽവിക്ക് ഒഴിവുകഴിവുകൾ പറയുന്നില്ല. അടുത്ത മത്സരത്തിൽ കൂടുതൽ ഐക്യത്തോടെ കളിക്കാൻ ശ്രമിക്കും.

ഞങ്ങൾ കരുത്തുറ്റ സംഘം തന്നെയാണ്. പക്ഷേ, ഞങ്ങൾക്ക് ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വന്നിട്ടില്ല. ഈ ടീമിന്റെ കരുത്ത് എന്താണെന്ന് ഇനി ഞങ്ങൾ കാണിക്കുമെന്ന് ഉറപ്പ് തരുന്നു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇനി ചിന്തിക്കാനുള്ളത്. നമ്മൾ ആരാണെന്ന് തിരിച്ചറിഞ്ഞ്, നൈസർഗിക കരുത്തുകളിലേക്ക് തിരിച്ചു പോക്കാണ് ഇനി വേണ്ടത്’- മെസി വ്യക്തമാക്കി.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി സൗദിക്ക് മുന്നിൽ അർജന്റീനയുടെ വീഴ്ച . ലുസൈൽ മൈതാനത്തെ ഗ്രൂപ്പ്‌ സി ആവേശപ്പോരിൽ രണ്ട് തവണ ലോക ജേതാക്കളായ മെസി സംഘത്തെ ഒന്നിനെതിരെ രണ്ടു ഗോളിന് ആണ് സൗദി മറികടന്നത്. 10ാം മിനിറ്റിൽ പെനാൽറ്റി ഗോൾ ആക്കി മെസ്സി അർജന്റീനക്ക് ലീഡ് നൽകിയത്, ആദ്യപകുതിയിൽ വൻ മാർജിനിൽ വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുവട്ടം ഗോൾ വഴങ്ങി തോൽവി ചോദിച്ചുവാങ്ങിയത്. അർജന്റീന മൂന്ന് തവണ വല കുലുക്കിയത് ഓഫ് സൈഡ് കെണി ഒരുക്കി ഇല്ലാതാക്കിയാണ് സൗദിയുടെ വിജയം.

തുടർച്ചയായ 36 കളികൾ തോൽവി അറിയാതെ കുതിച്ച അർജന്റീന തന്നെയായിരുന്നു ആദ്യാവസാനം കളി നയിച്ചത്. എന്നാൽ, എതിർമുന്നേറ്റത്തെ കോട്ടകെട്ടി കാത്തും കിട്ടിയ അവസരങ്ങൾ പാഴാ​ക്കാതെയും സൗദി ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ നാലാമത്തെ വിജയം സ്വന്തമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 5 മിനിറ്റ് ഇടവേളയിലായിരുന്നു രണ്ട് ഗോളുകൾ എത്തിയത്. 48ാം മിനിറ്റിൽ സാലിഹ് അൽ ഷഹ്‌റിയും 53 ആം മിനിറ്റിൽ സാലിം അൽ ദൗസരിയും വലകുലുക്കി. സൗദിയുടെ അബ്ദുൽ ഇലാഹ് അംരി ആണ് മാൻ ഓഫ് ദി മാച്ച്. ടൂർണമെന്റ് ഫേവറേറ്റുകളായി ഖത്തറിലെ ഏറ്റവും വലിയ കളിമുറ്റത്ത് സ്കെലോനിയുടെ കുട്ടികൾക്ക് ഇതോടെ നോക്ക്ഔട്ട് കടമ്പ കടുപ്പമേറിയതായി. മെക്സിക്കോ, പോളണ്ട് ടീമുകളെ തോൽപ്പിച്ചു വേണം ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് കടക്കാൻ.

ശനിയാഴ്ച മെക്സിക്കോക്ക് എതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. കളിയുടെ 70 ശതമാനം നിയന്ത്രണം നിലനിർത്തുകയും 15 ഷോട്ടുകളിൽ ഗോൾ എന്നുറച്ച 6 ഷോട്ടുകൾ പായിക്കുകയും ചെയ്തിട്ടും ജയം മാത്രം അന്യം നിന്നത് ടീമിന് നിർഭാഗ്യം കൂടി ആയി. അതിവേഗവുമായി കളം നിറഞ്ഞ മെസി സംഘത്തെ പിടിച്ചു കെട്ടാൻ പലപ്പോഴും പരുക്കൻ കളി പുറത്തെടുത്ത സൗദി ടീമിൽ ആറു പേർക്കാണ് മഞ്ഞക്കാർഡ് ലഭിച്ചത്

Vadasheri Footer