മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു,വിട വാങ്ങിയത് വയനാട്ടിലെ കോൺഗ്രസിന്റെ കരുത്തനായ നേതാവ്

Above article- 1

p>കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. കണ്ണൂർ കൂത്ത് പറമ്പ് സ്വദേശിയാണ്

ജില്ലയുടെ രൂപീകരണ കാലം മുതല്‍ വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍  പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 

Astrologer

ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി ആറു തവണ എം.എല്‍.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്‍പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ 1995-96 കാലത്ത്‌ എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

2004 ല്‍ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 2011 ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , മിസോറാം ഗവർണർ ശ്രീധരൻ പിള്ള , കോഴിക്കോട് എം പി എം കെ രാഘവൻ , എം എൽ എ മാരായ എ പ്രദീപ് ,ഐ സി ബാലകൃഷ്ണൻ , മുൻ എം പി വി എസ് വിജയരാഘവൻ ,തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു

ഗുരുവായൂർ ദേവസ്വം ഫൈനാൻസ് ഡി എ കെ ആർ സുനിൽ കുമാർ ,പ്രദീപ് കുമാർ മഹേഷ് കുമാർ എന്നിവർ മക്കളാണ് . കെ.കെ.രാമചന്ദ്രൻ മാസറ്റുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

കണ്ണൂര്‍ ജില്ലയിലെ നിടുമ്പ്രം വില്ലേജില്‍ കണ്ണങ്കോട് കൊട്ടാരത്തില്‍ തറവാട്ടിലെ നാരായണന്‍ നമ്പ്യാര്‍-രുഗ്മിണിയമ്മ ദമ്പതികളുടെ മകനായി 1936 ഡിസംബര്‍ 19നാണ് രാമചന്ദ്രന്‍മാസ്റ്റര്‍ ജനിക്കുന്നത്. യൂത്ത്‌കോണ്‍ഗ്രസ് നിടുമ്പ്രം വില്ലേജ് കമ്മിറ്റി സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1962-ലാണ് വയനാട്ടില്‍ സ്ഥിരതാമസമാക്കുന്നത്. ചൊക്ലി വി പി ഓറിയന്റല്‍ ഹൈസ്‌ക്കൂള്‍, വയനാട്ടിലെ അരിമുള എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സുപ്രധാന ഭാരവാഹിത്വങ്ങളെല്ലാം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കോണ്‍ഗ്രസ് പൂതാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് സെക്രട്ടറി, കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കെ പി സി സി ജനറല്‍സെക്രട്ടറി, കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി, ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്, എ ഐ സി സി അംഗം എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1971-ല്‍ കോഫിബോര്‍ഡ് അംഗമായിരുന്നു.

പതിറ്റാണ്ടുകളോളം കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റായും, വാട്ടര്‍ അതോറിറ്റി എപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1995-96 വര്‍ഷത്തില്‍ സിവില്‍സപ്ലൈസ് മന്ത്രിയായിരുന്ന കാലത്താണ് വയനാട്ടിലെ മീനങ്ങാടിയില്‍ എഫ് സി ഐ ഗോഡൗണ്‍ ആരംഭിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ എന്നും വേറിട്ട് നിര്‍ത്തിയിട്ടുള്ളത്. അദ്ദേഹം ആരോഗ്യമന്ത്രിയായിരുന്ന സമയത്താണ് മതിയായ തുക വകയിരുത്തിക്കൊണ്ട് കൈനാട്ടിയില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രി കെട്ടിടത്തിന് തറക്കല്ലിടുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന വയനാട്ടില്‍ പൂക്കോട് വെറ്ററിനറി കോളജ് ആരംഭിച്ചും അദ്ദേഹമായിരുന്നു.

ഒരുകാലത്ത് വയനാട്ടിലെ തോട്ടംമേഖലയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ശക്തമായ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് രാമചന്ദ്രന്‍മാസ്റ്ററായിരുന്നു. പ്ലാന്റേഷന്‍ ലേബര്‍ കോണ്‍ഗ്രസ് എന്ന സംഘടനയുണ്ടാക്കി അതിന്റെ മുന്‍നിരയില്‍ നിന്നായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. മേപ്പാടിക്കടുത്ത എളമ്പശേരി എസ്റ്റേറ്റില്‍ തൊഴിലാളികളും, മാനേജ്‌മെന്റും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അന്ന് മാസ്റ്റര്‍ക്കെതിരെ തോട്ടമുടമ ഉതിര്‍ത്ത വെടിയുണ്ട ലക്ഷ്യം തെറ്റി മാണിക്യം എന്ന തൊഴിലാളി മരിക്കാനിടയായ സംഭവം സംസ്ഥാനസര്‍ക്കാരിനെ പോലും ഉലച്ചിരുന്നു. ഇതിനും മാസങ്ങള്‍ക്ക് മുമ്പ് രാമചന്ദ്രന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ പച്ചിലക്കാട് എസ്റ്റേറ്റില്‍ നടത്തിയ സമരവും വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഈ സമരത്തിന്റെ പേരില്‍ അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടതായും വന്നു. കാപ്പിക്കര്‍ഷകരെ ദുരിതത്തിലാക്കിയ കോഫി ആക്ടിനെതിരെ വയനാട്ടില്‍ നടന്ന ശക്തമായ സമരങ്ങളുടെ മുന്‍നിരയില്‍ രാമചന്ദ്രന്‍മാസ്റ്ററുണ്ടായിരുന്നു. കര്‍ഷകരുടെ നേതൃത്വത്തില്‍ കാപ്പി തലച്ചുമടായി കൊണ്ടുവന്ന് പരസ്യമായി വില്‍പ്പന നടത്തിയ ആ സമരം വയനാടിന്റെ ചരിത്രരേഖകളില്‍ പോലും ഇടം പിടിക്കുന്നതായിരുന്നു. വയനാടിന്റെ സര്‍വമേഖലകളിലും കടന്നുചെന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍കണ്ട് മനസിലാക്കി അവരുടെ ക്ഷേമത്തിനായി പോരാടിയ നേതാവായിരുന്നു അദ്ദേഹം.

Vadasheri Footer