കവിത മോഷണം , ദീപ നിശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കും എസ് കലേഷ്
കോട്ടയം: കവിത മോഷ്ടിച്ച സംഭവം വിവാദമായതോടെ നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ്. സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്നാണ് കലേഷ് പറയുന്നത്. തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷച്ചവര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും അതിന് താന്‍ അര്‍ഹനാണെന്നും കലേഷ് വ്യക്തമാക്കി.
2011ല്‍ എസ് കലേഷ് എഴുതിയ അങ്ങനയിരിക്കെ മരിച്ചുപോയി ഞാന്‍/ നീ എന്ന കവിതയാണ് എ.കെ.പി.സി.ടി.എയുടെ മാസികയില്‍ അധ്യാപിക ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതോടെ ദീപാ നിശാന്തും , കവിത പകര്‍ത്തി നല്‍കിയ ശ്രീചിത്രനും മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു.ഇതിന് മുൻപും ദീപാ നിഷാന്തിനെതിരെ ഇതിന് സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. എഴുത്തുകാരനായ അജിത്കുമാര്‍ ആര്‍. എഴുതിയ ഒറ്റതുള്ളി പെയ്ത്ത് എന്ന തലക്കെട്ട് ഒറ്റമര പെയ്ത്ത് എന്ന പേരില്‍ സ്വന്തം കൃതിക്ക് പേര് നല്‍കിയത് അന്ന് തന്നെ എഴുത്തുകാരനായ അജിത്കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ എസ് കലേഷിന്റെ കവിത മോഷ്ടിച്ചു എന്ന ആരോപണത്തില്‍ ദീപ നിശാന്തിനെതിരെ അഡ്വ ജയശങ്കര്‍ രംഗത്ത്. ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവര്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ..
സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികള്‍.
എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു കവിത അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ദീപ സ്വന്തം പേരില്‍ പുന:പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം.
നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്ബാദിച്ചതെന്നും ഇനി ആരോപണം ഉയര്‍ന്നേക്കും.
പുരോഗമന നാട്യക്കാരായ ചില പുംഗവന്മാരും ടീച്ചറെ കല്ലെറിയുന്നു എന്നതാണ് ഏറ്റവും ഭയങ്കരമായ സംഗതി. മീടൂ ആരോപണം നേരിടുന്ന വിശ്വമഹാകവി വരെ ഇക്കൂട്ടത്തിലുണ്ട്.
ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവര്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും.
# ദീപാ നിഷാന്തിനൊപ്പം
നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം