
സുഹൃത്തിനെ തലക്കടിച്ച് പൊട്ട കിണറ്റിൽ തള്ളിയ രണ്ട് പേർ അറസ്റ്റിൽ

ചാവക്കാട് : മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് പൊട്ടക്കി ണറ്റിൽ തള്ളിയ സംഭവത്തിൽ 2 പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.എളവള്ളി തൈക്കാണ്ടിപ്പറമ്പിൽ ഷുഹൈബ് (26), വിളക്കാട്ടുപാടം രാജേഷ് (26) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്.

പാലുവായ് കരുവാൻപടി റെയിൽവേ ഗേറ്റിന് സമീപം കഴിഞ്ഞ 30നാണ് കേസിനാസ്‌പദമായ സംഭവം. മൂന്ന് പേർ ചേർന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ പ്രവീഷിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം സമീപത്തെ പൊട്ടക്കിണറ്റിലേക്ക് തള്ളിയെന്നാണ് പരാതി.


ആളൂർ നൊമ്പഴക്കാട് ഏറത്ത് വീട്ടിൽ പ്രവീഷ് (31) ആണ് ആക്രമണത്തിനിരയായത്. കിണറ്റിൽ വീണ പ്രവീഷ് സ്വയം കിണറ്റിൽ നിന്ന് പുറത്തുകയറി പാലുവായ് റെയിൽവേ ഗേറ്റ് ഓഫീസിലേക്ക് ഓടിക്കയറി സഹായം തേടുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പ്രവീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷുഹൈബിനെയും രാജേഷിനെയും പോലീസ് അറസ്റ്റ് ചെയ്‌തത്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. ചാവക്കാട് എസ്.ഐ പ്രീത ബാബു, എസ്.ഐ. വി.ബി. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

