ചാവക്കാട് സ്റ്റേഡിയത്തിനുപകരം നഗരസഭ ഓഫീസ് കെട്ടിടവും ടൗണ്‍ഹാള്‍ നിര്‍മ്മിക്കും
ചാവക്കാട് : ചാവക്കാട് നഗരസഭ സ്റ്റേഡിയം നിര്‍മ്മാണത്തിന് അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ച സ്ഥലത്ത് സ്റ്റേഡിയത്തിനുപകരം നഗരസഭ ഓഫീസ് കെട്ടിടവും ടൗണ്‍ഹാള്‍ നിര്‍മ്മിക്കുന്നു. ഇന്ന് നടന്ന കൗണ്‍സില്‍ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി. സ്റ്റേഡിയം നിര്‍മ്മാണത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തും. തീരുമാന പ്രകാരം പുതിയ പാലത്തിന് തെക്കു ഭാഗത്തോടു ചേര്‍ന്ന് നഗരസഭ ഓഫീസ് കെട്ടിടമായിരിക്കും ആദ്യം നിര്‍മ്മിക്കുക. കളി സ്ഥലത്തിന് ഭൂമി കണ്ടെത്തി അവിടെ ഗ്രൗണ്ട് തയ്യാറാക്കിയ ശേഷമായിരിക്കും നിലവിലെ ഗ്രൗണ്ടില്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുക.
സിവില്‍ സ്റ്റേഷനു സമീപമുളള പുതിയ പാലത്തില്‍ കാല്‍നടയാത്രികര്‍ക്കായി ചലിക്കുന്ന പാലം നിര്‍മ്മിക്കും. ഇതിനായുളള അനുമതിയും നിരാക്ഷേപ സാക്ഷ്യപത്രവും ദേശീയപാത വിഭാഗത്തില്‍ നിന്നും തേടുന്നതിന് യോഗത്തില്‍ തീരുമാനമായി. പരപ്പില്‍ത്താഴത്ത് നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റില്‍ പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യന്ത്രം സ്ഥാപിക്കുന്നതിനുവേണ്ടി ടെണ്ടര്‍ ക്ഷണിച്ചത് പ്രകാരം ലഭിച്ച ടെണ്ടറിന് യോഗം അംഗീകാരം നല്‍കി.
നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.എച്ച് സലാം, എം.ബി രാജലക്ഷ്മി, എ.എ മഹേന്ദ്രന്‍, എ.സി ആനന്ദന്‍, സബൂറ ബക്കര്‍, അംഗങ്ങളായ ഷാഹിത മുഹമ്മദ്, കെ.എസ് ബാബുരാജ്, പി.വി പീറ്റർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു