പശ്ചിമ ബംഗാളില്‍ അമിത് ഷായുടെ രഥയാത്രക്ക് കൂച്ചു വിലങ്ങ് വീണു
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കൂച്ചു വിലങ്ങ് വീണു . കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് രഥ യാത്ര തടഞ്ഞത്. രഥ യാത്രയ്ക്ക് അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി വിധി.
ചീഫ് ജസ്റ്റീസ് ദേബാശിഷ് കര് ഗുപ്ത അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് രഥ യാത്ര വിലക്കിയത്. ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിനാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ സിംഗില്‍ ബെഞ്ച് ബിജെപിക്ക് അനുമതി നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് അമിത് ഷായുടെ നേതൃത്വത്തില്‍ രഥയാത്ര നടത്താനിരുന്നത്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ രഥയാത്രയ്ക്കു അനുമതി നിഷേധിക്കുകയായിരുന്നു.
ഡിസംബര്‍ ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍ നിന്നാണ് രഥയാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്ര കടന്നുപോകേണ്ടിയിരുന്നത്.
രണ്ടാം തവണയും സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് ബിജെപി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റീസ് തപാബ്രാത ചക്രബര്‍ത്തിയാണ് യാത്രയ്ക്കു അനുമതി നല്‍കിയത്.