
ഗുരുവായൂരിൽ 400 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂരിൽ വൻ ലഹരിവേട്ട; 400 ഗ്രാം ഹാഷിഷ് ഓയിലും 40 ഗ്രാം ചരസും 3 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.വീട്ടിലെ ഡിജിറ്റൽ ലോക്കറിൽ നിന്ന് പണവും പാക്കിങ് സാമഗ്രികളും കണ്ടെത്തി. ചാവക്കാട് പേരകം പൊന്നാരശ്ശേരി അഭിഷേക്, പുന്ന പണിക്കവീട്ടിൽ മുഹമ്മദ് ഷഹ്സാദ് എന്നിവരാണ് അറസ്റ്റിലായത്.


പടിഞ്ഞാറേ നടയിലെ കാനറ ബാങ്കിന് എതിർവശത്തെ പാർക്കിങ് ഏരിയയ്ക്ക് സമീപം കഞ്ചാവുമായാണ് ഇവർ പിടിയിലാവുന്നത്. പോലീസ് പരിശോധനയിൽ ഇവരിൽനിന്ന് 3 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അഭിഷേകിന്റെ വീട്ടിലെ ഡിജിറ്റൽ ലോക്കട്ടിൽ നിന്ന് 400 ഗ്രാം ഹാഷിഷ് ഓയിൽ, 40 ഗ്രാം ചരസ്, 1.33 ലക്ഷം രൂപ എന്നിവ കണ്ടെത്തിയത്.

ഒ.സി.ബി റോളിങ് പേപ്പറുകൾ, ഡിജിറ്റൽ തൂക്കുയന്ത്രം, ഹാഷിഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ചതായി സംശയിക്കുന്ന ചെറിയ കുപ്പികൾ എന്നിവയും പോലീസ് കണ്ടെടുത്തു. ലഹരി വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
