
ആയങ്കിയെ പിടികൂടാൻ സഹായിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം

കൊച്ചി : അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന് നിർണായക വിവരംനൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു സ്വകാര്യവ്യക്തി ഒരുലക്ഷം രൂപ പാരിതോഷികം നൽകാൻ തയ്യാറാണെന്ന് അറിയിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊതുജന താല്പര്യമുള്ല ഒരു വ്യക്തിയാണ് തുക നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് തന്നെ ഫോണിൽ ബന്ധപ്പെട്ടതെന്നും പയ്യന്നൂരിലെ ആ ഡ്രൈവർക്ക് പണം നേരിട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രൈവറുടെ നടപടി മാതൃകാപരമാണെന്നും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു,
രണ്ടുദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച പുലർച്ചയോടെയാണ് പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്ന് പിടികൂടിയത്. അഭിഭാഷകയുടെ വീട്ടിൽ നിന്ന് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ല സംഘമാണ് ഇയാളെ പിടികൂടിയത്.
അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന് നിർണായക വിവരം കൈമാറിയത് പയ്യന്നൂരി ഒരു ഓട്ടോ ഡ്രൈവറാണ്. ഈ ഓട്ടോയിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ അഭിഭാഷകനെ കാണാനെത്തിയത്. അർജുൻ ആയങ്കിയെ കണ്ടയുടൻ സംശയം തോന്നിയ ഡ്രൈവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലായ അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് റിമാൻഡ്. ഇയാളെ തലശേരി സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് മാറ്റി.
