
മൊബൈൽ ഫോണിന് തകരാർ, സാംസങ്ങ് 95,000 നഷ്ടം നൽകണം

തൃശൂർ : മൊബൈൽ ഫോണിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മൂർക്കനിക്കര സ്വദേശി വടക്കൂട്ട് വീട്ടിൽ സുരേഷ്.വി.ആർ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സാംസങ്ങ് ടി വി എസ് ഇലക്ട്രോണിക്സ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ന്യൂഡെൽഹിയിലെ സാംസങ്ങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും ഇപ്രകാരം വിധിയായതു്.


സുരേഷ് 67,900 രൂപ നൽകിയാണ് മൊബൈൽ ഫോൺ വാങ്ങുകയുണ്ടായത്. വാങ്ങി ഉപയോഗിച്ചു വരവെ ബാറ്ററിയിൽ ചാർജ് നിൽക്കാത്ത അവസ്ഥ വരുകയുണ്ടായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടപ്പോൾ ഫോൺ എതിർകക്ഷികൾ വാങ്ങി വെക്കുകയായിരുന്നു.തുടർന്ന് വിളിച്ച് ചോദിച്ചപ്പോൾ മദർ ബോർഡും ബാറ്ററിയും മാറ്റി എന്ന് അറിയിച്ചിട്ടുള്ളതാകുന്നു. എന്നാൽ ഇപ്രകാരം മാറ്റുന്ന കാര്യം സുരേഷിനെ അറിയിച്ചിരുന്നില്ല. മൊബൈൽ ഫോൺ ഹർജിക്കാരന് തിരിച്ചു നൽകുകയുണ്ടായില്ല.

ഹരജിക്കാരന് ഫോൺ തിരിച്ചു നൽകിയെന്ന വാദം എതിർകക്ഷികൾ ഉയർത്തിയെങ്കിലും തെളിയിക്കുവാനായില്ല. എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് മൊബൈൽ ഫോണിൻ്റെ വിലയായ 67,900 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 20,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറച്ചെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി .
