
പിണറായിയുടെ വീട്ടിലെ റെയ്ഡ് , നിർണായ രേഖകൾ കണ്ടെത്തിയതായി ഇ ഡി

തിരുവനന്തപുരം: : സി.എം.ആര്.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടക്കിയ റെയ്ഡിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായത് വധശ്രമമെന്ന് മ്യൂസിയം പോലീസ്. ഉദ്യോഗസ്ഥരെ പ്രകോപിതരായ ആള്‍ക്കൂട്ടത്തിന് എറിഞ്ഞുകൊടുത്ത് വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നാണ് മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
‘കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് മാരകായുധങ്ങളുമായി അക്രമിസംഘം തങ്ങളെ വളയുകയായിരുന്നുവെന്ന് പരിക്കേറ്റ ഇഡി ഉദ്യോഗസ്ഥന് ഡിക്സന് ഡേവിഡ് ഉള്‍പ്പെടെയുള്ളവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിയില്‍ റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി സംഘത്തിന് നേരെയാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ഇഷ്ടികയും മരക്കമ്പുകളും ഉപയോഗിച്ച് നടത്തിയ കല്ലേറിലും തല്ലിച്ചതയ്ക്കലിലും ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങള്‍ തകരുകയും ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇഡി സംഘം തമ്പാനൂര്‍ സ്റ്റേഷനിലെത്തിയാണ് ഔദ്യോഗികമായി പരാതി നല്‍കിയത്.
അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ ആഭ്യന്തര വകുപ്പിനോ പൊലീസിനോ മുന്‍കൂട്ടി യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേന്ദ്ര ഏജന്‍സി തങ്ങളെ മുന്‍കൂട്ടി അറിയിക്കാതിരുന്നിട്ടും സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയപ്പോള്‍ ക്രമസമാധാന പാലനത്തിനായി പൊലീസ് കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇഡിക്ക് നേരെ ഉണ്ടായത് ആസൂത്രിതമായ ആക്രമണമാണെന്നതില്‍ സംശയമില്ലെന്നും നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞ ആഭ്യന്തര മന്ത്രി, അക്രമികള്‍ എവിടെ പോയി ഒളിച്ചാലും അവരെ വിടാതെ പിടികൂടുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി.

എന്നാല്‍, ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ തലസ്ഥാന നഗരിയില്‍ വെച്ചുണ്ടായ വന്‍ സുരക്ഷാവീഴ്ചയില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നേരിട്ട് രംഗത്തെത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് (ഡിജിപി) ഫോണിലൂടെ അടിയന്തര വിശദീകരണം തേടിയ ഗവര്‍ണര്‍, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ചുള്ള ആക്ഷേപങ്ങളില്‍ കൃത്യമായ മറുപടി ആവശ്യപ്പെടുകയും ചെയ്തു.
അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികള്‍ സിപിഎമ്മിന്റെ പാളയത്തുള്ള ഏരിയ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം അവിടെ എത്തിയെങ്കിലും, പൊലീസിനെ ഓഫീസിനുള്ളിലേക്ക് കയറ്റാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല. പാര്‍ട്ടി ഓഫീസിന് മുന്നില്‍ പൊലീസും നേതാക്കളും തമ്മില്‍ കടുത്ത വാഗ്വാദവും തര്‍ക്കവുമുണ്ടായി. ഒടുവില്‍ ക്രമസമാധാന നില വഷളാകുമെന്ന് കണ്ടതോടെ എഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സിപിഎം നേതൃത്വവുമായി കനത്ത അനുനയ ചര്‍ച്ചകള്‍ നടത്തി. മണിക്കൂറുകള്‍ നീണ്ട ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പൊലീസിന് കൈമാറാന്‍ സിപിഎം തയ്യാറായത്. സ്റ്റേഷനിലെത്തിച്ച പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡില്‍ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രേഖകള്‍ വിശകലനം ചെയ്തുവരികയാണെന്നും ഇഡി വ്യക്തമാക്കി.
സിഎംആര്‍എല്‍ മാനേജ്മെന്റും വീണ വിജയനും ചേര്‍ന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കര്‍ണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി തിരച്ചില്‍ നടന്നത്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ സിഎംആര്‍എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചു.
അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി 2026 മെയ് 26-ന് കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇഡി അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിരിക്കുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനി ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയതായി മുന്‍പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ നിയന്ത്രണത്തിലുള്ള എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന കമ്പനിയില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായും എക്സാലോജിക് സ്വീകരിച്ചിട്ടുണ്ട്. എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തില്‍ സിഎംആര്‍എല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകള്‍ കാണിച്ചതായും വെളിപ്പെട്ടിരുന്നു.
