യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ മൂന്നാം വർഷ ബിരുദ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ഗുണ്ടായിസം തുടരുന്നു. കോളജിലെ എസ്എഫ്ഐ നേതാക്കൾ ചേർന്ന് മൂന്നാം വർഷ ബിരുദ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു. അഖിൽ എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കും മാറ്റി.
കോളജ് കാന്പസിലെ മരച്ചുവട്ടിൽ ഇരുന്ന് പാട്ടുപാടിയതിനാണ് എസ്എഫ്ഐ നേതാക്കൾ വിദ്യാർഥിയെ കുത്തിയതെന്നാണ് സഹപാഠികൾ പറയുന്നത്. കാന്പസിൽ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്താൽ അവർ സംഘം ചേർന്ന് എത്തി മർദ്ദിക്കുന്നത് പതിവാണെന്നും വിദ്യാർഥികൾ പറഞ്ഞു.
സംഭവത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. വൻ പോലീസ് സന്നാഹം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ ക്യാന്പ് ചെയ്യുന്നുണ്ട്. രണ്ടു ദിവസം മുൻപും കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
അടുത്തിടെ എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനം മൂലം കോളജിലെ ഒരു വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഈ വിദ്യാർഥിനി പിന്നീട് മറ്റൊരു കോളജിലേക്ക് മാറുകയും ചെയ്തു