Madhavam header
Above Pot

തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഒരു പ്രതി കൂടി പിടിയിലായി

ഗുരുവായൂർ : തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. ചെറുതുരുത്തി പള്ളം സ്വദേശി പുത്തന്‍പീടികയില്‍ വീട്ടില്‍ സുലൈമാനാണ് പിടിയിലായത്. തിരൂര്‍ ഡിവൈ.എസ്‌പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലെ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സുലൈമാന്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ എന്ന സംഘടനയുടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയായിരുന്നു.

സുനില്‍ വധത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുള്ളതായാണ് കണ്ടെത്തല്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. സുനിലിനെ വെട്ടിക്കൊന്നതിലും വീട്ടുകാരെ അക്രമച്ചതിലും താന്‍ പങ്കാളിയാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 1993-94 കാലത്തെ നിരവധി മോട്ടോര്‍ വാഹന കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. ജം-ഇയത്തുല്‍ ഇസ്ലാമിയ നേതാവായ സെയ്തലവി അന്‍വരിയോടൊപ്പം പുരാവസ്തു മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്.

Astrologer

നേരത്തെ തൃശൂര്‍ സ്വദേശി മുഹിയുദ്ദീന്‍, മലപ്പുറം കൊളത്തൂര്‍ ചെമ്മലശ്ശേരി പൊതുവകത്ത് ഉസ്മാന്‍ (51), തൃശൂര്‍ വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയില്‍ യൂസഫ് എന്ന യൂസഫലി (52) എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. തൊഴിയൂര്‍ സുനില്‍വധക്കേസിലെ ഒന്നാംപ്രതിയും, ചേകന്നൂര്‍ മൗലവികേസിലെ പങ്കാളിയുമായ കാണാമറയത്തുള്ള ഭീകരന്‍ സെയ്തലവി അന്‍വരിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായംതേടും. തീവ്രവാദ സ്വഭാവമുള്ള അഞ്ചുകൊലക്കേസുകളിലെ പ്രതിയായ സെയ്തലവി അന്‍വരി അന്വേഷണം നിലച്ച മറ്റു നാലു കൊലക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെടാനും സാധ്യതയുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന് പുറമെ തൊഴിയൂര്‍ സുനില്‍ വധക്കേസിലെ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകും. കേസില്‍നേരിട്ട് പങ്കുള്ള നാലുപേരെ കുറിച്ചു അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചു. കേസിലെ പ്രാധാനിയായ ജംഇയ്യത്തുല്‍ ഇസ്ഹാനിയയുടെ തലവനായിരുന്ന സെയ്തലവി അന്‍വരി ഒഴികെയുള്ളവരെകുറിച്ച്‌ വിവരങ്ങളെല്ലാം ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചുകഴിഞ്ഞു.വിദേശത്തേക്ക് കടന്ന സെയ്തലവിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായംതേടാനും ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു.

തൃശൂര്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചുകഴിഞ്ഞു. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഉള്‍പ്പെട്ട പ്രതി ഉസ്മാനെ ചൊവ്വാഴ്ച രാത്രി മലപ്പുറം കൊളത്തൂരില്‍ ഒളിവില്‍ കഴിയവേയാണ് പൊലീസ് തന്ത്രപരമായി അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ സുനിലിനെ വെട്ടി കൊലപ്പെടുത്തുകയും വീട്ടുകാരെ അക്രമിച്ചതായും ഉസ്മാന്‍ മൊഴി നല്‍കി. യൂസഫലിയെ വാടാനപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്. ജംഇയ്യത്തുല്‍ ഇസ്ഹാനിയയുടെ സജീവ പ്രവര്‍ത്തകനായ യൂസഫലി വാള്‍ ഉപയോഗിച്ച്‌ അക്രമം നടത്തുന്നതിനെക്കുറിച്ച്‌ പരിശീലനം നല്‍കിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.

ചോദ്യം ചെയ്യലില്‍ 24വര്‍ഷം മുന്പ് 1995 ഓഗസ്റ്റ് 19ന് മലപ്പുറത്തെ കൊളത്തൂരില്‍ ബിജെപി നേതാവ് ചെമ്മലശേരി മൂര്‍ക്കോത്ത് മോഹനചന്ദ്രനെ ചെമ്മലശേരിയില്‍ വച്ചു ജീപ്പിടിച്ചു കൊലപ്പെടുത്തിയതു തങ്ങളാണെന്നു പ്രതികള്‍ പൊലീസിനോടു വെളിപ്പെടുത്തിയത് കേസന്വേഷണത്തിനു പുതിയ വഴിത്തിരിവായിരുന്നു. സുനില്‍വധക്കേസില്‍ സൈതലവിഅന്‍വരിയാണ് ഒന്നാംപ്രതി. ഇയാളെ കൂടാതെ അഞ്ചാം പ്രതി ചെറുതുരത്തി പള്ളം പുത്തന്‍പീടികയില്‍ യൂസഫിന്റെ മകന്‍ സുലൈമാന്‍, ദേശമംഗലം പള്ളംകളപ്പുറത്തു കുഞ്ഞുമുഹമ്മദിന്റെ മകന്‍ സലീം, മൂന്നാംപ്രതിയായ കയ്പമംഗലം ചളിങ്ങാട് പുഴങ്കരയില്ലത്ത് തെയ്യുണ്ണിയുടെ മകന്‍ ഷാജി എന്ന ഷാജഹാന്‍, കയ്പമംഗലം കൊപ്രക്കളം കൊടുങ്ങല്ലൂക്കാരന്‍ മൊയ്തീന്റെ മകന്‍ നവാസ് എന്നിവരും ഇനി പിടിയിലാകാനുണ്ട്.

ചേകന്നൂര്‍ മൗലവി തിരോധാനകേസില്‍ നേരിട്ട്പങ്കുള്ളതായി സംശയിക്കുന്ന പിടികിട്ടാപ്പുള്ളിയായ സെയ്തലവി അന്‍വരി തീവ്രവാദ സ്വഭാവമുള്ള അഞ്ചുകൊലക്കേസുകളിലെി പ്രതികൂടിയാണ്. ഇതിനുപുറമെ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന മറ്റു നാലുകൊലക്കേസുകളില്‍കൂടി പ്രതിചേര്‍ക്കപ്പെടാനും സാധ്യതയുണ്ട്. ജംഇയ്യത്തുല്‍ ഇസ്ഹാനിയ തീവ്രവാദസംഘടനയുടെ സ്ഥാപക നേതാവും സംഘത്തിലെ പ്രധാനിയുമായ സെയ്തലവി അന്‍വരി 1997ല്‍ ബംഗളുരൂ സ്വദേശിയായ ഷേഖ് അബ്ബയുടെ പാസ്‌പോര്‍ട്ടില്‍ തലവെട്ടിയൊട്ടിച്ചു ബംഗളൂരു വഴി ഗര്‍ഫിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം. അതോടൊപ്പം പ്രതി സിറിയയിലേക്കു കടന്നുവെന്ന അനൗദ്യോഗിക വിവരങ്ങളും പൊലീസിന് ലഭിച്ചെങ്കിലും ഇതില്‍ സ്ഥിരീകരണമില്ല.

നിലവില്‍ തൊഴിയൂര്‍ സുനില്‍വധക്കേസിലും, മോഹനചന്ദ്രന്‍ വധക്കേസിലും സെയ്തലവി അന്‍വരി മുഖ്യപങ്കുവഹിച്ചതായി ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം തൊഴിയൂര്‍ സുനില്‍വധക്കേസില്‍ അറസ്റ്റിലായ ജംഇയ്യത്തുല്‍ ഇസ്ഹാനിയയുടെ സ്ഥാപന നേതാവില്‍ ഒരാള്‍കൂടിയായ കൊളത്തൂര്‍ ചെമ്മലശേരി പൊതുവകത്ത് ഉസ്മാനായിരുന്നു സെയ്തലവിയുടെ വലംകൈയെന്നും ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു. ഉസ്മാനോടൊപ്പം കേസില്‍ അറസ്റ്റിലായ യൂസുഫിനെ സെയ്തലവി അന്‍വരിയുമായി പരിചയപ്പെടുത്തിയതും ഉസ്മാനായിരുന്നുവെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഉസ്മാന്റെ അയല്‍ക്കാരന്‍കൂടിയായ കൊളത്തൂര്‍ മേലേകൊളമ്ബ് പിലാക്കാട്ടുപടി സൈതലവി അന്‍വരിയെ പിടികൂടിയാല്‍ നിരവധി കേസുകളുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. ഇതിനാല്‍തന്നെ നേരത്തെ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച പ്രതിക്ക് വേണ്ടി സംഘം അന്വേഷണം ആരംഭിച്ചു.

.

1992-96 വര്‍ഷക്കാലത്ത് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ സിനിമാ തിയേറ്ററുകള്‍ കത്തിക്കുക, കള്ളുഷാപ്പുകള്‍ കത്തിക്കുക, നോമ്ബുകാലത്ത് തുറന്ന ഹോട്ടലുകള്‍ ആക്രമിക്കുക തുടങ്ങി നിരവധി അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതും സൈതലവിയായിരുന്നു. അറസ്റ്റ് സംഘത്തില്‍ ഡി വൈ എസ് പി കെ എ സുരേഷ് ബാബുവിനെ കൂടാതെ പെരുമ്ബടപ്പ് സി ഐകെ എം ബിജു, എ എസ് ഐമാരായ പ്രമോദ്, അജിത് കുമാര്‍, സീനിയര്‍ സി പി ഒ മാരായ വിനോദ് കുമാര്‍, ജയപ്രകാശ്, രാജേഷ്, സി പി ഒ മാരായ പ്രകാശ്, അബ്ദുള്‍ കലാം, ഷെരീഫ് എന്നിവരുമുണ്ടായിരുന്നു.

Vadasheri Footer