Madhavam header
Above Pot

കോട്ടയത്ത് തോമസ് ചാഴികാടൻ കേരള കോൺഗ്രസ് സ്ഥാനാർഥി , പാർട്ടി പിളർപ്പിലേക്ക്

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി കെ എം മാണി പ്രഖ്യാപിച്ചു പി.ജെ.ജോസഫിന് കേരള കോണ്‍ഗ്രസ് ലോക്സഭാ സീറ്റ് നല്‍കില്ല. പി.ജെ.ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ കെ.എം.മാണിയെ അറിയിച്ചതോടെയാണ് ഇത്. നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാമ് കെ.എം. മാണി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ജോസഫിനെ സ്ഥാനാര്‍ത്ഥി്യാക്കണമെന്ന യു.ഡി.എഫ് നേതാക്കളുടെ നിര്‍ദ്ദേശവും മറികടന്നാണ് കെ.​എം.മാണിയുടെ തീരുമാനം.

ഒരു പകന്‍ മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചാഴികാടന് നറുക്കുവീണത്. സ്റ്റീഫന്‍ ജോര്‍ജിന്‍റെയും പ്രിന്‍സ് ലൂക്കോസിന്‍റെയും പേരുകള്‍ സജീവമായിരുന്നെങ്കിലും ഒടുവില്‍ പാര്‍ട്ടി തോമസ് ചാഴികാടനിലേക്കെത്തി. കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് സൂചന. കോട്ടയം സീറ്റ് ജോസഫിന് നല്‍കാനാവില്ലെന്ന് മാണി കട്ടായം പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കലുഷിതമായത്. പകരം തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാനാണ് മാണിയുടെ തീരുമാനം. ഇക്കാര്യം ഉടന്‍ മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചു.. തോമസ് ചാഴിക്കാടനെ പ്രഖ്യാപിക്കുന്നതോടെ ജോസഫും മത്സരിക്കാനായി കളത്തിലിറങ്ങും. ഇതോടെ ജോസഫിനെ പുറത്താക്കുമെന്നാണ് മാണിയുടെ ഭീഷണി.

Astrologer

കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ കോട്ടയത്തേക്കായി മൂന്നു പേരുകളാണ് ഉയര്‍ന്നത്. സ്റ്റീഫന്‍ ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ്, തോമസ് ചാഴിക്കാടന്‍. പ്രിന്‍സ് ലൂക്കോസിനെ തള്ളിയതോടെ, സ്റ്റീഫന്‍ ജോര്‍ജും തോമസ് ചാഴിക്കാടനും അവശേഷിച്ചു. മാണിയും ജോസ്.കെ.മാണിയും സ്റ്റീഫന്‍ ജോര്‍ജിന് വേണ്ടി നിലകൊണ്ടു. എന്നാല്‍, താന്‍ തോമസ് ചാഴിക്കാടനെ മാത്രമേ പിന്തുണയ്ക്കുകയുള്ളുവെന്ന് മുതിര്‍ന്ന നേതാവ് സി.എഫ്.തോമസ് കടുത്ത നിലപാടെടുത്തു. ഇതോടെയാണ് മാണി തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാമെന്ന് സമ്മതിച്ചത്. ഏതായാലും രണ്ടില പിളര്‍പ്പിന്റെ വക്കിലാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായതോടെ ജോസഫ് ഗ്രൂപ്പ് തിരക്കിട്ട കൂടിയാലോചനകളിലാണ്. പിളര്‍പ്പ് ഒഴിവാക്കണമെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മാണിക്ക് നല്‍കിയത്. ജോസഫിന് വേണ്ട പരിഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവഗണിക്കാനാവാത്ത ആവശ്യമെങ്കിലും തല്‍ക്കാലം അത് മാണി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
തോമസ് ചാഴിക്കാടന്‍ ഏറ്റുമാനൂരില്‍ നിന്ന് രണ്ടുവട്ടം മത്സരിച്ച്‌ പരാജയപ്പെട്ട നേതാവാണ്. ജോസഫ് കൂടി മത്സരിക്കാനിറങ്ങുന്നതോടെ, എല്‍ഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാകും.

നേരത്തെ ജോസഫിന് സീറ്റ് നല്‍കണമെന്ന് കെഎം മാണിയോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ജോസ് കെ.മാണിയോടും യുഡിഎഫ് നേതാക്കള്‍ ഫോണില്‍ സംസാരിച്ചിരുന്നു. കോട്ടയം സീറ്റില്‍ ജയം ഉറപ്പിക്കാന്‍ ജോസഫ് വേണമെന്ന നിലപാട് നേതാക്കള്‍ അറിയിച്ചു. ജോസഫിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് ജില്ലാഘടകം രംഗത്തെത്തിയതിന് പിന്നാലെയാണ് ഇടപെടല്‍. എന്നാല്‍ ഈ ഇടപെടലും ഫലം കണ്ടില്ല. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കേണ്ടതില്ലെന്ന കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനത്തില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി ഉടലെടുത്തു. ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് ഇത്രയും കൂടിയാലോചനകളൊന്നും നടത്താതെയാണെന്നും അന്ന് ആര്‍ക്കും എതിര്‍പ്പ് ഇല്ലായിരുന്നുവെന്നും ജോസ്ഫ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.

മാണിഗ്രൂപ്പ് നേതാക്കള്‍ക്ക് വിജയ സാധ്യത ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തലുണ്ടായിരുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം വന്നത്. .
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാകട്ടെ സീറ്റ് ജോസഫിന് എന്ന തരത്തിലേക്കു കാര്യങ്ങളെത്തിയെങ്കിലും മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയും കോണ്‍ഗ്രസ് പിന്തുണയുമായി രംഗത്ത് വന്നതും മാണി വിഭാഗത്തിന് ജോസഫിനോട് അമര്‍ഷം കൂട്ടി്. നേരത്തേ ഈ തര്‍ക്കം പരിഹരിക്കുന്നതിനായി ഇടുക്കിയിലും കോട്ടയത്തും രണ്ടു സീറ്റ് മാണി വിഭാഗം ചോദിച്ചെങ്കിലും കോണ്‍ഗ്രസ് അനുവദിച്ചില്ല. ഇതോടെയാണ് കോട്ടയം സീറ്റിനായി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചത്.

നേരത്തെ കോട്ടയം സീറ്റില്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ജോസഫിനെ ഏല്ലാവരും അംഗീകരിക്കുമെന്ന ഘട്ടം ഉണ്ടായിരുന്നു. കോട്ടയവും ഇടുക്കിയും വെച്ചുമാറുന്നതിനുള്ള അണിയറ നീക്കങ്ങള്‍ക്കെതിരേ ജോസ് കെ.മാണിതന്നെ രംഗത്തെത്തിയിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ കെ എം മാണിയുടെ പിന്‍ഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. കേരളാ കോണ്‍ഗ്രസില്‍ പ്രധാനികളുടെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മാണിയുടെ മകന്‍ ജോസ് കെ മാണി, ബാലകൃഷ്ണ പിള്ളയുടെ മകന്‍ ഗണേശ് കുമാര്‍, ടിഎം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ്.. പിന്നെ ഫ്രാന്‍സിസ് ജോര്‍, പിസി തോമസ്.. അങ്ങനെ നിരവധി പേര്‍. തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവര്‍ണ്ണാവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്. ജോസഫ് ജയിച്ച്‌ ലോക്സഭയിലെത്തിയാല്‍ തൊടുപുഴയില്‍ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകന്‍ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. കേരളാ കോണ്‍ഗ്രസ് എമ്മിന് നിയമസഭയില്‍ ആറു പേരാണുള്ളത്. മാണിയും ജോസഫും മോന്‍സ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതില്‍ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോന്‍സ് മാത്രമാണ്.

Vadasheri Footer