അധികാരത്തിൽ വന്നാൽ നോട്ട് അസാധുവാക്കലിനെ കുറിച്ച് സമഗ്ര അന്വേഷണം : കോൺഗ്രസ്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിച്ച് അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിനു ശേഷം ഇന്ത്യയിലെ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷനായ ഗുജറാത്തിലെ ബാങ്ക് അടക്കമുള്ളവ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രധാനമന്ത്രി നരേന്ദ്രമോദി തകര്‍ത്തുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സര്‍ക്കാരിനെ അറിയിച്ചിരുന്നതായ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.നോട്ട് അസാധുവാക്കന്‍ ആര്‍ബിഐയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച നടപടി സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിച്ചു. വമ്പന്‍ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ട് അസാധുവാക്കലെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിന്റെ എല്ലാ വശങ്ങളെപ്പറ്റിയും അന്വേഷണം നടത്തും. അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണ ബാങ്ക് നടത്തിയ നിക്ഷേപം അടക്കമുള്ളവ അന്വേഷിക്കും. നോട്ട് നിരോധനത്തിന് മുമ്പും പിമ്പും ബിജെപി വാങ്ങിയ വസ്തുവകകളെപ്പറ്റിയും അന്വേഷണം നടത്തും. കള്ളപ്പണം വിദേശരാജ്യങ്ങളില്‍ എത്തിച്ച് വെളുപ്പിക്കാന്‍ നോട്ട് അസാധുവാക്കലിനിടെ എങ്ങനെ സാധിച്ചുവെന്ന് കണ്ടെത്തും. നോട്ട് അസാധുവാക്കല്‍ വന്‍ അഴിമതിയാണെന്നും അതിന്റെ എല്ലാ വശങ്ങളെപ്പറ്റിയും അന്വേഷണം നടത്തുമെന്നും ജയറാം രമേശ് പറഞ്ഞു.
ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ 2016 നവംബര്‍ എട്ടിന് ചേര്‍ന്ന ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ വിശദാംശങ്ങള്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക് പുറത്തുവിട്ടിരുന്നു. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍ബിഐ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് ഇതിലൂടെയാണ് വ്യക്തമായത്