കപട ദേശീയത കൊണ്ടും , വർഗീയ വാദം കൊണ്ടും മോദി സർക്കാർ ഭരണപരാജയം മറച്ചു പിടിക്കുന്നു: എംബി രാജേഷ്.
തൃശ്ശൂർ : ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾക്ക് കാരണം രാജ്യത്ത് ആസൂത്രണമില്ലാതെ ധനകാര്യ മേഖലയിൽ നടപ്പിലാക്കിയ ഇടപെടലുകളാണെന്ന് എംബി രാജേഷ്. സാധാരണ ജനത പ്രാഥമികാവശ്യങ്ങൾ പോലും നിവർത്തിക്കാൻ സാധിക്കാതെ കഷ്ടപ്പെടുമ്പോൾ കോടീശ്വരന്മാർ അധികാരത്തിന്റെ തണലിൽ വളർന്നു പന്തലിക്കുകയാണ്. ഇവർക്ക് അടിക്കടി നികുതിയിളവ് പ്രഖ്യാപിക്കുകയും കടങ്ങൾ എഴുതിത്തള്ളുകയും ചെയ്യുന്നു. സാധാരണക്കാരെ കണ്ടില്ലെന്നു നടിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണ പരാജയങ്ങളെ കപട ദേശീയത കൊണ്ട് മറച്ചു പിടിക്കുന്ന സർക്കാർ നയങ്ങളെ നിരൂപണവിധേയമാക്കി എസ്എസ്എഫ് സംഘടിപ്പിച്ച സാമ്പത്തിക ചർച്ച തൃശ്ശൂർ പ്രസ്സ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ യൂണിയനിലെ വലിയ കമ്പോളം ഇപ്പോഴും ഗ്രാമങ്ങളാണ്. അവിടത്തെ വിപണി സജീവമാകുമ്പോഴാണ് വളർച്ചാനിരക്ക് വർദ്ധിക്കുക. അവരുടെ കയ്യിൽ പണമില്ലാതായാൽ ഇന്ത്യൻ കമ്പോളത്തിന്റെ അറുപത് ശതമാനം സ്തംഭിക്കും. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്. അതിന്റെ തുടർച്ചയാണ് ബിസ്ക്കറ്റ് മുതൽ കാർ വരെയുള്ള വിപണികൾ മുരടിക്കുന്നത്. ഇത് മറികടക്കണമെങ്കിൽ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കണം. അതിനായുള്ള നടപടികൾ ഉണ്ടാകണം. മാന്ദ്യം നേരിടാനുള്ള പാക്കേജുകൾ പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാർ അടിസ്ഥാനയാഥാർഥ്യങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് മുൻ സെക്രട്ടറി ഡോക്ടർ മാത്യു കുഴൽനാടൻ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് വേണ്ടി ഭരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും തീവ്ര ദേശീയതയും വർഗീയധ്രുവീകരണവും വിട്ട് ഗ്രാമങ്ങളിലേക്ക് ഇറങ്ങണമെന്നും അവരുടെ ജീവൽപ്രശ്നങ്ങൾ മനസിലാക്കി പരിഹാരങ്ങളിലേക്ക് പ്രവേശിക്കണമെന്നും വർഗീയത ഊട്ടിയാൽ വയർ നിറയില്ല എന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് റഊഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ഡോക്ടർ വി കെ അബ്ദുൽ അസീസ്, എസ്എസ്എഫ് സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം കെ ബി ബഷീർ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിലായി സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിൽ നടക്കുന്ന ചർച്ച സംഗമങ്ങളുടെ ഭാഗമായാണ് തൃശ്ശൂരിൽ സാമ്പത്തിക ചർച്ച സംഘടിപ്പിച്ചത്. തൊഴിലില്ലായ്മ, സ്വകാര്യവൽക്കരണം, ദേശീയത, മതേതരത്വം തുടങ്ങിയ വിഷയങ്ങളിൽ കണ്ണൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മറ്റു ചർച്ചകൾ നടക്കുന്നത്.