ബോബി ചെമ്മണ്ണൂരിന്റെ മനസിന് നന്ദി; പക്ഷേ വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് രാജന്റെ മക്കള്‍
തിരുവനന്തപുരം:ബോബി ചെമ്മണ്ണൂരിന്റെ മനസിന് നന്ദി; പക്ഷേ വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് രാജന്റെ മക്കള്‍. ജപ്തിക്കിടെ ജീവനൊടുക്കിയ രാജന്റെയും അമ്ബിളിയുടെയും മക്കളുടെ ആഗ്രഹം നിറവേറ്റാനായി തര്‍ക്ക ഭൂമി നില്‍ക്കുന്ന സ്ഥലം ഉടമ വസന്തയില്‍ നിന്നും ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയിരുന്നു. എന്നാല്‍, ബോബി ചെമ്മണ്ണൂരില്‍ നിന്നും ഈ ഭൂമി വാങ്ങില്ലെന്ന് രാജന്റെ മക്കള്‍. തര്‍ക്കഭൂമിയാണെന്നിരിക്കേ ഈ ഭൂമി ആര്‍ക്കും വില്‍ക്കാനും വാങ്ങാനും അവകാശമില്ലെന്നാണ് കുട്ടികള്‍ പറയുന്നത്.
‘ബോബി ചെമ്മണ്ണൂര്‍ കാണിച്ച മനസിനു നന്ദി. പക്ഷേ, അദ്ദേഹത്തില്‍ നിന്നും ഭൂമി വാങ്ങാന്‍ ഉദ്ദേശമില്ല. നമുക്ക് അവകാശപ്പെട്ട ഭൂമി സര്‍ക്കാര്‍ ആണ് ഞങ്ങള്‍ക്ക് അനുവദിച്ച് തരേണ്ടത്. വേണ്ടത് നിയമപരമായ സഹായം. വസന്തയുമായി ഒത്തുതീര്‍പ്പിനു സമ്മതമല്ല. സര്‍ക്കാര്‍ ഇടപെടലാണ് വേണ്ടത്. നിയമപരമായി ഈ ഭൂമി ഇപ്പോള്‍ വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. അങ്ങനെയുണ്ടായാല്‍ അത് നിയമപരമല്ലെന്ന്’ കുട്ടികള്‍ വ്യക്തമാക്കുന്നു.
വസന്തയില്‍ നിന്ന് ഇന്ന് രാവിലെയാണ് ബോബി ഭൂമി വില കൊടുത്ത് വാങ്ങിയത്. രാവിലെ തന്നെ എഗ്രിമെന്റ് എഴുതുകയും ചെയ്തു. രാജന്റെ വീട് പുതുക്കി പണിയുമെന്നും അതുവരെ രാഹുലിന്റെയും രഞ്ജിത്തിന്റെയും പൂര്‍ണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.
ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയത്. വസന്ത ആവശ്യപ്പെട്ട തുക നല്‍കിയാണ് ഭൂമി സ്വന്തമാക്കിയത്. രാജന്റെയും അമ്ബിളിയുടെയും കുട്ടികളെ തൃശൂരിലെ ശോഭ സിറ്റിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. വീട് പണി പൂര്‍ത്തിയാകുമ്ബോള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.