ചാലിശ്ശേരി ഗ്രൗണ്ടിൽ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ക്ഷേത്രമതില്‍ ഇടിച്ചു തകര്‍ത്തു

കുന്നംകുളം : ചാലിശ്ശേരി ഗ്രൗണ്ടിൽ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ക്ഷേത്രമതില്‍ ഇടിച്ചു തകര്‍ത്തു അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച കാലത്ത് പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. ചാലിശ്ശേരി ക്ഷേത്രമൈതാനത്ത് ഡ്രൈവിങ്ങ് പരിശീലനത്തിനിടയില്‍ സംഭവിച്ച അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു . നിയന്ത്രണം വിട്ട കാര്‍ ക്ഷേത്ര മതിലും ഇടിച്ച് തകര്‍ത്ത് വഴിപാട് കൗണ്ടറിന്റെ ആളുകള്‍ നില്‍ക്കുന്ന ഭാഗം വരെ നിരങ്ങിയെത്തി. സംഭവസമയത്ത് വഴിപാട് കൗണ്ടറിലും പരിസരത്തും തിരക്കില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിന്റെ മധ്യഭാഗം മതിലില്‍ കുടുങ്ങി നിന്നതിനാലാല്‍ വഴിപാട് കൗണ്ടറിന് മുന്നിലേക്കെത്തുന്നതിന് മുന്‍പ് തന്നെ കാര്‍ നിര്‍ത്താനായതും രക്ഷയായി. അപകടത്തില്‍ കാറിന്റെ മുന്‍വശവും ക്ഷേത്ര മതിലിന്റെ ഭാഗങ്ങളും തകര്‍ന്നു. ഡ്രൈവിങ്ങ് പരിശീലനത്തിനിടെ ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ അമര്‍ത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ വാഹനത്തിനുള്ളിലുണ്ടായിരുന്നവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ ക്രയിന്‍ ഉപയോഗിച്ചാണ് നീക്കം ചെയ്തത്.