Header 1 = sarovaram
Above Pot

തൃശ്ശൂർ പുരം നടത്തിപ്പിന് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും

തൃശ്ശൂർ : ഇക്കുറി തൃശ്ശൂർ പൂരം ഹരിതപൂരമാകും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പൂരത്തിന്റെ ജനറൽ കോ ഓഡിനേഷൻ യോഗത്തിലാണ് തൃശ്ശൂർ പുരം നടത്തിപ്പിന് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ തീരുമാനമായത്. ഹരിത കേരള മിഷന്റേയും, ശുചിത്വമിഷന്റേയും നേതൃത്വത്തിൽ, തൃശ്ശൂർ കോർപ്പറേഷൻ ഇതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച വിവിധ വശങ്ങൾ യോഗം ചർച്ചചെയ്തു. എല്ലാ വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയുംവിധം പൂരം പന്തലുകളുടെ ഉയരം വർദ്ധിപ്പിക്കണമെന്ന സിറ്റി പോലീസ് മേധാവി യതീഷ്ചന്ദ്രന്റെ നിർദ്ദേശം യോഗം അംഗീകരിച്ചു.

പൂരദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യാഘാതം ഒഴിവാക്കുന്നതിനുള്ള മുന്നറിയിപ്പുകൾ നൽകും. നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ കുടിവെള്ള വിതരണ സംവിധാനങ്ങളും, പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും ഒരുക്കും. എഴുന്നള്ളിപ്പിനുള്ള ആനകളുടെയും, പാപ്പാൻമാരുടെയും പട്ടിക മുൻകൂട്ടി വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർക്ക് നൽകും. ആനകൾക്ക് മതിയായ വിശ്രമം നൽകും. ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കും.

Astrologer

പൂരത്തിന്റെ മുന്നോടിയായി നഗരത്തിലെ വെളിച്ച വിതാനങ്ങളുടെ അറ്റകുറ്റപണികൾ തീർക്കാനും, റോഡുകൾ ഗതാഗതയോഗ്യമാക്കാനും, കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാനുമുള്ള നടപടികൾക്ക് കോർപ്പറേഷൻ സെക്രട്ടറിക്ക് മന്ത്രി വി.എസ്. സുനിൽകുമാർ നിർദ്ദേശം നൽകി.
നീളം കൂടിയ ബലൂണുകളും, ശബ്ദതീവ്രതയുള്ള പീപ്പികളും പൂരത്തിന് അനുവദിക്കില്ല. പോലീസിന്റേതല്ലാത്ത ഹെലിക്യാമുകൾക്കും നിരോധനമുണ്ട്.

വെടിക്കെട്ടിനുള്ള മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടത്തും. വെടിക്കോപ്പുകൾ ഒരുക്കുന്നത് പരിശോധിക്കാൻ പോലീസ് 25 അംഗ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും.
അന്തർദേശീയ ആഘോഷമായാണ് സർക്കാർ തൃശ്ശൂർ പൂരത്തെ കണക്കാക്കുന്നതെന്നും . പൂരം ഭംഗിയായി നടത്താനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം ഇരുപത് അംഗപരിമിതർക്ക് തൃശ്ശൂർ പൂരം കാണുന്നതിനുള്ള പ്രത്യേക സൗകര്യവും ഇക്കുറി ഒരുക്കും. വെടിക്കെട്ട് സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഫയർ ഹൈഡ്രന്റ് സംവിധാനം പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പ് വരുത്താൻ ഫയർ ഫോഴ്‌സിനെ ചുമതലപ്പെടുത്തി.
മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ടി.വി. അനുപമ, സിറ്റി പോലീസ് മേധാവി യതീഷ്ചന്ദ്ര, എ.ഡി.എം. റെജി. പി.ജോസഫ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Vadasheri Footer