Header 1 = sarovaram
Above Pot

പിണറായി കാലം തെറ്റി പിറന്ന പ്രജാപതിയോ ? കെ എം ഷാജി

കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനനം കൂടിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷുഭിതമായി പെരുമാറിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എ. ആരാണ് പിണറായി വിജയന്‍ എന്ന് ചോദിച്ച ഷാജി കാലം തെറ്റി പിറന്ന പ്രജാപതിയാണോ അതോ ജനാധിപത്യ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണോ എന്ന് ഫേസ്ബുക്കിലൂടെ ചോദിച്ചു.

കെ എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്

Astrologer

ആരാണ് ഈ പിണറായി വിജയന്‍ ? കേരളത്തിന്റെ മുഖ്യമന്ത്രിയോ അതോ കേരളത്തിലെ പൊതുജനങ്ങളെ മുഴുവന്‍ അടിമകളാക്കിയ രാഷ്ട്രീയ യജമാനനോ? ‘കടക്ക് പുറത്ത് ‘മാറി നില്‍ക്കങ്ങോട്ട്’ തുടങ്ങിയ തട്ട് പൊളിപ്പന്‍ ഡയലോഗുകള്‍ മാധ്യമങ്ങളടക്കമുള്ള പൊതുജനങ്ങളോട് ആജ്ഞാപിക്കാന്‍ സി പി എമ്മിനകത്തെ പിണറായി ദാസ്യം സ്വധര്‍മ്മമായി കാണുന്ന അടിയാള ജന്മങ്ങളാണ് കേരളീയ സമൂഹവും എന്നദ്ധേഹം കരുതിയോ? അതോ അധികാര രാഷ്ട്രീയവും ഭക്തുകളും സ്റ്റിക്കറൊട്ടിച്ച ഇന്നോവയും കാണിച്ച്‌ ജനതയെ മുഴുവന്‍ ഭയപ്പെടുത്തി ഭരിക്കാമെന്നോ…?

നമുക്കിടയില്‍ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്ന ഒരു തൊഴില്‍ സമൂഹമാണ് മാധ്യമ പ്രവര്‍ത്തകര്‍. വെയിലെന്നോ, മഴയെന്നോ വ്യത്യാസമില്ലാതെ ഏതെങ്കിലും പ്രജാപതിയുടെ നാവനങ്ങുന്നതും കാത്ത് മണിക്കൂറുകളോളം നിന്ന നില്‍പ്പില്‍ നില്‍ക്കുന്ന മാധ്യമ സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ഒപ്പം സമൂഹത്തിന് വേണ്ടിയുള്ള അവരുടെ പ്രതിബദ്ധതയോടും സമര്‍പ്പണ മനോഭാവത്തോടും വിയോജിപ്പുകള്‍ക്കിടയിലും ബഹുമാനം തോന്നിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനവും എല്ലാ തൊഴിലുമെന്ന പോലെ ആദരവ് അര്‍ഹിക്കുന്നു.സാമൂഹിക പ്രതിബദ്ധതയും സാഹസികമാനവുമുള്ള തൊഴില്‍ സമൂഹം എന്ന അര്‍ത്ഥത്തില്‍ രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ, മറ്റേതൊരു തൊഴില്‍ സമൂഹത്തെയും പോലെ മാന്യമായ പരിഗണന മാധ്യമ പ്രവര്‍ത്തകരും അര്‍ഹിക്കുന്നു.

എന്ത് കൊണ്ട് പിണറായി വിജയന്‍ മാധ്യമ സമൂഹത്തോട് ഇത്രമേല്‍ അധമ ചിന്ത വെച്ചു പുലര്‍ത്തുന്നു.മാധ്യമ പ്രവര്‍ത്തകരെന്നത് ഒരു തൊഴില്‍ സമൂഹമാണെന്നും അവര്‍ നിര്‍വ്വഹിക്കുന്നത് അവരുടെ ജോലിയാണെന്നും അവരും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും എന്ത് കൊണ്ടായിരിക്കും പിണറായി വിജയന്റെ പരിഗണന വിഷയമാകാതെ പോകുന്നത്. ആട്ടിയോടിച്ചും ഭീഷണിപ്പെടുത്തിയും അപമാനിക്കാനുള്ള നീചവൃത്തിയാണ് മാധ്യമ പ്രവര്‍ത്തനമെന്ന തോന്നല്‍ തൊഴില്‍ സമത്വത്തെ കുറിച്ച്‌ വാചകമടിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലക്കെങ്കിലും ഇദ്ധേഹം മാറ്റിവെക്കാത്തതിന്റെ കാരണമെന്താകും? ഇനി മാര്‍ക്സിന്റെ തൊഴില്‍ സമത്വ സിദ്ധാന്തങ്ങള്‍ക്ക് പകരം,ചെയ്യുന്ന തൊഴിലിന്റെയും പിറന്ന കുലത്തിന്റെയും പേരില്‍ മനുഷ്യരെ ശ്രേഷ്ഠ ജന്മമെന്നും അധമ ജന്മമെന്നും തരം തിരിച്ച മനുവാദ പാരഡോക്സ് എങ്ങാനും മാറി വിഴുങ്ങിയതാകുമോ കാരണം. അറിയില്ല, പക്ഷേ ജനങ്ങള്‍ക്കറിയേണ്ട ഒന്നുണ്ട്. ആരാണ് പിണറായി വിജയന്‍, കാലം തെറ്റി പിറന്ന പ്രജാപതിയോ, ജനാധിപത്യ സംസ്ഥാനത്തെ മുഖ്യമന്ത്രിയോ?

Vadasheri Footer