നമ്പി നാരായണന് പത്മ പുരസ്‌കാരം നൽകിയതിനെതിരെ ടി പി സെൻ കുമാർ രംഗത്ത്
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത പുരസ്‌ക്കാരങ്ങളിലൊന്നായ പത്മഭൂഷണ്‍ നമ്പി നാരായണന് നല്‍കിയതിനെതിരെ മുന്‍ സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍ കുമാര്‍ രൂക്ഷ വിമർശനവുമായി രംഗത്ത്
ഐഎസ്‌ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന് പത്മ പുരസ്‌ക്കാരത്തിന് അര്‍ഹനല്ലെന്നാണ് സെന്‍ കുമാറിന്റെ വിമര്‍ശനം. പുരസ്‌ക്കാരം ലഭിക്കാന്‍ മാത്രം എന്ത് സേവനമാണ് ഐഎസ്‌ആര്‍ഒയ്ക്ക് നമ്പി നാരായണന്‍ നല്‍കിയത് എന്ന് സെന്‍കുമാര്‍ ചോദിച്ചു.
തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നമ്പി നാരായണന് എതിരെ സെന്‍ കുമാര്‍ ആഞ്ഞടിച്ചത്. കുപ്രസിദ്ധമായ ഐഎസ്‌ആര്‍ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു സെന്‍ കുമാര്‍. സെന്‍ കുമാര്‍ അടക്കമുളള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന്‍ കേസ് നടത്തുന്നുണ്ട്.ചാരക്കേസില്‍ നിന്നും നമ്പി നാരായണനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയും നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പത്മഭൂഷണ്‍ പുരസ്‌ക്കാരവും ലഭിക്കുന്നത്. എന്നാല്‍ ആ മഹാന്‍ ഐഎസ്‌ആര്‍ഒയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് പുരസ്‌ക്കാരത്തിന് നാമനിര്‍ദേശം കൊടുത്തവരും നല്‍കിയവരും പറയണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
.
നമ്പി നാരായണന് പുരസ്‌ക്കാരം നല്‍കിയത് അമൃതത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണ്. സാധാരണയിലും താഴെ നിലവാരമുളള ശാസ്ത്രജ്ഞനാണ് നമ്ബി നാരായണന്‍. 1994ല്‍ ഐഎസ്‌ആര്‍ഒയില്‍ നിന്നും ആ മഹാന്‍ സ്വയം വിരമിക്കലിന് കത്ത് കൊടുത്തു. അങ്ങനെ ഉളള വ്യക്തി ഭാരതത്തിനും ശാസ്ത്രത്തിനും എന്ത് സംഭാവന നല്‍കിയെന്ന് പറയണം
ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ ഇപ്പോഴും കുറ്റവിമുക്തനായിട്ടില്ല. കേസ് ഇപ്പോഴും സുപ്രീം കോടതി നിയോഗിച്ച സമിതി അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ നമ്പി നാരായണന് പുരസ്‌ക്കാരം നല്‍കിയത് തെറ്റാണ്. ആദരിക്കപ്പെടാന്‍ മാത്രം എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ നല്‍കിയതെന്ന് ആര്‍ക്കും അറിയില്ല.
ഇവിടെ മറ്റ് പല നേട്ടങ്ങള്‍ക്കും ഒരു പുരസ്‌ക്കാരവും ലഭിക്കുന്നില്ല. ഐഎസ്‌ആര്‍ഒയില്‍ നാലായിരം പേരുണ്ട്. അവരില്‍ ആരോട് ചോദിച്ചാലും നമ്പി നാരായണനെ കുറിച്ച് മോശം അഭിപ്രായം മാത്രമേ പറയുകയുളളൂ. ഈ മാനദണ്ഡം വെച്ച് ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷണ്‍ നല്‍കാമെന്നും സെന്‍ കുമാര്‍ പരിഹസിച്ചു.
അമീറുള്‍ ഇസ്ലാമിനും പുരസ്‌ക്കാരത്തിന് അര്‍ഹതയുണ്ടെന്നും സെന്‍കുമാര്‍ പരിഹസിച്ചു. ഈ വര്‍ഷം വിട്ട് പോയതാവാം. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ അന്വേഷണത്തിന് ശേഷം അദ്ദേഹത്തിന് ഭാരതരത്‌ന തന്നെ നല്‍കിയാലും അതിനെ സ്വാഗതം ചെയ്യും. ആരാണ് ഇപ്പോള്‍ നമ്ബി നാരായണനെ ശുപാര്‍ശ ചെയ്തത് എന്ന് ചോദിച്ച സെന്‍കുമാര്‍ അവര്‍ തന്നെ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.
ചാരക്കേസ് ശരിയായി അന്വേഷിക്കപ്പെട്ടിട്ടില്ല എന്നും സെന്‍കുമാര്‍ പറയുന്നു. എന്തുകൊണ്ട് ഐഎസ്‌ആര്‍ഒ കേസ് ശരിയായി അന്വേഷിച്ചില്ല് എന്ന് തനിക്ക് അറിയാം. 24 കൊല്ലം മുന്‍പുളള സിബിഐയെ കുറിച്ച് അന്വേഷിച്ചാല്‍ മതി. നാല് ദിവസം മാത്രമേ നമ്ബി നാരായണന്‍ പോലീസ് കസ്റ്റഡിയില്‍ കിടന്നിരുന്നുളളൂ. ബാക്കി ദിവസം സിബിഐ കസ്റ്റഡിയിലായിരുന്നു.
നിരപരാധിയെന്ന് ബോധ്യം വന്ന നമ്പി നാരായണനെ എന്തിന് സിബിഐ കസ്റ്റഡിയില്‍ വെച്ചിരുന്നുവെന്നും സെന്‍കുമാര്‍ ചോദിക്കുന്നു. നമ്പി നാരായണനെ പോലുളളവര്‍ക്ക് പുരസ്‌ക്കാരം കൊടുക്കുന്നതിന് പകരം കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കണമായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയാക്കുന്നതിന് മുന്നോടിയായാണോ പുരസ്‌ക്കാരം എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് സെന്‍കുമാറിന്റെ മറുപടി.
അതേസമയം സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നമ്പി നാരായണന്‍ രംഗത്ത് വന്നിട്ടുണ്ട്. സെന്‍ കുമാര്‍ പറയുന്നതെല്ലാം അബദ്ധങ്ങളാണ്. താന്‍ കൊടുത്ത നഷ്ടപരിഹാരക്കേസില്‍ സെന്‍ കുമാര്‍ പ്രതിയാണ്. സുപ്രീം കോടതി സമിതി പോലീസ് വീഴ്ചകള്‍ അന്വേഷിക്കാനാണ് എന്നും വിധി സെന്‍കുമാര്‍ മനസ്സിലാക്കിയിട്ടില്ലെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.
ഇതിനിടെ സെൻകുമാറിനെതിരെ ആഞ്ഞടിച്ചു മന്ത്രി എ കെ ബാലൻ രംഗത്ത് എത്തി സംസ്ഥാന ബി ജെ പി നേതൃത്വമാണ് ഇതിനു മറുപടി നൽകേണ്ടതെന്നും അവർക്ക് അതിനു കഴിയില്ലെങ്കിൽ ബി ജെ പി കേന്ദ്ര നേതൃത്വം മറുപടി നല്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു .