Madhavam header
Above Pot

ചൈത്ര തെരേസ ജോണിനെതിരെ നടപടി ,”സാംസ്കാരിക നായകന്മാരെ എവിടെയാണ് ” – വി ടി ബലറാം

ഗുരുവായൂർ : പോലീസ് സ്റ്റേഷൻ കല്ലെറിഞ്ഞ പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തതുമായി ബന്ധപ്പെട്ട് ചൈത്ര തെരേസ ജോണ്‍ വാര്‍ത്താ കോളങ്ങളില്‍ നിറ സാന്നിധ്യമാണ്. സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ചൈത്രയെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. വിഷയത്തില്‍ സാംസ്കാരിക നായകന്മാര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വി ടി ബല്‍റാമും രംഗത്തെത്തി.

ബൽറാമിന്റെ പോസ്റ്റ് വായിക്കാം

Astrologer

കർത്തവ്യ നിർവ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടുമാത്രം സിപിഎം ഓഫീസ് റെയിഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥയെ സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നത് എന്തു തരം നിയമവാഴ്ചയാണെന്ന് ബല്‍റാം ചോദിച്ചു. പിണറായി വിജയൻ-ലോകനാഥ് ബഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നാട്ടിലെ സാംസ്ക്കാരിക നായകരൊക്കെ ഇപ്പോൾ പു ക സ നൽകിയ ഏതോ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണെന്ന് തോന്നുന്നുവെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ബാലികയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ സിപിഎമ്മുകാരെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥക്ക് സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസിലേക്ക് സെർച്ച് വാറണ്ടുമായി ചെല്ലേണ്ടി വന്നത്. കർത്തവ്യ നിർവ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവർക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം. പോലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നത് മാത്രമല്ല, പോലീസ് മേധാവിയും പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാൽ മുഖ്യമന്ത്രിയും ചേർന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാൽ ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയൻ- ലോകനാഥ് ബഹ്റ ടീമിന്റെ പോലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകർക്കുക എന്നതാണ് സിപിഎം ഭരണം വന്നതുമുതൽ ഇവിടത്തെ രീതി.

എവിടെയാണ് ഇന്നാട്ടിലെ സാംസ്ക്കാരിക നായകരൊക്കെ? വി ടി ബൽറാം ഫേസ്ബുക്കിൽ മറ്റാരുടേയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി “ബാലകറാം” ആക്കി മാറ്റാൻ നടന്നവരൊക്കെ ഇപ്പോൾ പു ക സ നൽകിയ ഏതോ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.

Vadasheri Footer