മലിനീകരണം :പാപ്‌ജോ അച്ചാർ കമ്പനിക്കെതിരെ പി സി ജോർജ് എം എൽ എ , സ്ഥലം എം.എല്‍.എയും ജില്ലയിലെ മന്ത്രിയും ഇടപെടണം .

ഗുരുവായൂര്‍ : കുരഞ്ഞിയൂര്‍ പ്രദേശത്തുകാരുടെ പരാതി പരിഹരിക്കാന്‍ സ്ഥലം എം.എല്‍.എയും ജില്ലയിലെ മന്ത്രിയും ഇടപെടണമെന്നു പി.സി.ജോര്‍ജ് എം.എല്‍.എ . ഗുരുവായൂര്‍ കുരഞ്ഞിയൂരില്‍ പ്രവര്‍ത്തിക്കുന്ന അച്ചാര്‍ കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മലിനീകരണ വിരുദ്ധ ജനകീയ സമര സമിതി നടത്തുന്ന 48 മണിക്കൂര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.കുരഞ്ഞിയൂരിലെ അച്ചാര്‍ കമ്പനിപരിസരത്തുള്ളവര്‍ക്ക് ശുദ്ധവായുവും ശുദ്ധജലവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പ്രദേശത്തുകാരുടെ ദുരിതാവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം.എല്‍.എ പറഞ്ഞു. സമര സമതി കണ്‍വീനര്‍ ബിലാല്‍ കൊട്ടിലിങ്ങല്‍ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.പി.രാജേന്ദ്രന്‍, ഡോ.വാസുകടാന്തോട്, സുലൈമു വലിയകത്ത്, മന്ദലംകുന്ന് മുഹമ്മദുണ്ണി, അഷറഫ് വടക്കൂട്ട് തുടങ്ങിയവര്‍ സംസാരിച്ചു. തമ്പുരാന്‍പടിയിീല്‍ നിന്ന് അമ്പതോളം ബൈക്കുകളോടെ അകമ്പടിയോടെയാണ് പി.സി.ജോര്‍ജ് എത്തിയത്. പരിസരത്തെ പ്രായമായവരും കുട്ടികളുമടക്കം നിരവധി പേര്‍ പരാതികളുമായി എം.എല്‍.എയുടെ മുന്നിലെത്തി. അടുത്ത മാസം 11ന് വീണ്ടും താനെത്തുമെന്നും കുരഞ്ഞിയൂര്‍ നിവാസികളുടെ ദുരിതം അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തിന് അറുതിവരുന്നത് വരെ താനുണ്ടാകുമെന്നും ഉറപ്പ് നല്‍കിയാണ് എം.എല്‍.എ മടങ്ങിയത്