Header

പ്രളയകാലത്ത്‌ കേരളത്തിലെ മതേതര മനസ്സ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചു: മുഖ്യമന്ത്രി

തൃശൂർ : പ്രളയകാലത്താണ്‌ കേരളത്തിലെ മതേതര മനസ്സ്‌ ഏറ്റവും കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയെ പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന `വീണ്ടെടുപ്പ്‌’ സാംസ്‌കാരിക പരിപാടികളുടെ പ്രാരംഭമായി `പ്രളയാക്ഷരങ്ങള്‍’ പുസ്‌തക പ്രകാശനവും സെമിനാര്‍ ഉദ്‌ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ മഹാപ്രളയത്തെ ഐക്യത്തോടെ നേരിട്ടത്‌ നമുക്ക്‌ നമ്മുടെ നാട്‌ വിലപ്പെട്ടതാണ്‌ എന്ന ബോധ്യത്തോടെയാണ്‌.

ഇക്കാലത്ത്‌ കേരളത്തിലെ ആരാധനാലയങ്ങള്‍ പോലും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയത്‌ മതനിരപേക്ഷതയ്‌ക്ക്‌ വലിയൊരു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പ്രളയദുരന്തം ഇവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. അതിനെ ഗൗരവത്തോടെ കാണാന്‍ നമുക്കൊപ്പം മറ്റുള്ളവര്‍ക്കും സാധിച്ചിട്ടുണ്ട്‌. പല നാടുകളും വളരെ ഉത്‌കണ്‌ഠയോടെയാണ്‌ കേരളത്തിനൊപ്പം നിന്നതെന്നും ഇത്‌ കേരളത്തിന്റെ അതിജീവനത്തിന്‌ കരുത്തു പകര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
. നാടിനെ പുനര്‍ നിര്‍മ്മിക്കാന്‍ ഒറ്റക്കെട്ടാവണം. ചെറിയ കുട്ടികള്‍ മുതല്‍ പെന്‍ഷന്‍കാര്‍ വരെ ഈ ഉദ്യമത്തില്‍ പങ്കാളികളാകണം. യു.എന്‍. കണക്കനുസരിച്ച്‌ 31, 000 കോടി രൂപയാണ്‌ കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്ക്‌ ആവശ്യമായി വരുന്നത്‌. ഇതില്‍ 4000 കോടി രൂപയിലധികവും അര്‍ഹര്‍ക്കു ലഭിക്കാനുള്ളതാണ്‌. ഇത്‌ അര്‍ഹര്‍ക്ക്‌ ലഭിക്കുന്ന തരത്തിലാണ്‌ സര്‍ക്കാര്‍ ഇടപെടുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Astrologer

ദുരിതാശ്വാസ നിധിയിലേക്ക്‌ ആവശ്യമായ പണം കണ്ടെത്തുകയെന്നത്‌ വലിയൊരു കടമ്പയാണ്‌. ഇക്കാര്യത്തില്‍ പല പ്രതിരോധനവും സര്‍ക്കാര്‍ തരണം ചെയ്‌തു. ആളുകളുടെ നല്ലമനസ്സാണ്‌ ഇതിനു പിന്നില്‍. നമ്മുടെ നാട്‌ തകര്‍ന്നിടത്ത്‌ തന്നെ കിടന്നുകൂടായെന്നാണ്‌ ഓരോ പുനര്‍ നിര്‍മ്മാണ പരിപാടികളുടെയും ലക്ഷ്യം. `പ്രളയാക്ഷരങ്ങള്‍’ വിറ്റുകിട്ടുന്ന പണം കൊണ്ട്‌ തൃശൂരിലെ വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ വീടുവെച്ചു കൊടുക്കാനുള്ള ഉദ്യമം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും സംസ്ഥാനത്തൊട്ടാകെ നവകേരള പുനര്‍ നിര്‍മ്മിതിക്ക്‌ ഇത്തരം സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാംസ്‌കാരിക വകുപ്പ്‌ മന്ത്രി ഏ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട്‌ സുരക്ഷാപ്രവര്‍ത്തനം, പുനരധിവാസം എന്നിവയെല്ലാം ലേകശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ ചെയ്യാന്‍ സര്‍ക്കാരിനായത്‌ ജനങ്ങളുടെ ശക്തമായ ഇടപെടലിലൂടെയാണെന്ന്‌ അദ്ദേഹം പറഞ്ഞു. നവകേരള സൃഷ്‌ടിക്ക്‌ എല്ലാവരും ഭാഗഭാക്കാണ്‌. നികത്താനാവാത്ത നഷ്‌ടം ഉണ്ടായിട്ടുള്ള ഈ പരിതസ്ഥിതിയില്‍ മനസ്സുകളെ ഉണര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം സാംസ്‌കാരിക പരിപാടികളിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

`പ്രളയാക്ഷരങ്ങള്‍’ എന്ന പുസ്‌തകം തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഏ.സി. മൊയ്‌തീന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌ ആമുഖ പ്രഭാഷണം നടത്തി. മേയര്‍ അജിത ജയരാജന്‍, എംപിമാരായ സി.എന്‍.ജയദേവന്‍, ഡോ.പി.കെ. ബിജു, എംഎല്‍എമാരായ കെ.വി. അബ്‌ദുള്‍ ഖാദര്‍, അഡ്വ. കെ. രാജന്‍, യു.ആര്‍. പ്രദീപ്‌, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്‌ വൈശാഖന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍ സ്വാഗതവും ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ നന്ദിയും പറഞ്ഞു.

യോഗത്തില്‍ കൈപ്പമംഗലം നിയോജക മണ്‌ഡലത്തിലെ 80 സ്‌കൂളുകളിലെ കുട്ടികള്‍ പ്ലാസ്റ്റിക്‌ കുപ്പികള്‍ ശേഖരിച്ചു വിറ്റു കിട്ടിയ 45,000 രൂപയില്‍ നിന്ന്‌ പുസ്‌തകങ്ങള്‍ വാങ്ങുകയും ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറുകയും ചെയ്‌തു. നടത്തറ ഗ്രാമപഞ്ചായത്ത്‌ 3 ലക്ഷം രൂപയുടെ ചെക്കും കേരള കരാട്ടെ അസോസിയേഷന്‍ ഒരു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിക്ക്‌ കൈമാറി. പ്രകാശനം ചെയ്‌ത `പ്രളയാക്ഷരങ്ങള്‍’ പുസ്‌തകത്തിന്റെ 25,000 കോപ്പികള്‍ വേദിയില്‍ വച്ചുതന്നെ വിറ്റഴിഞ്ഞു. രണ്ടാം എഡിഷന്‍ ഉടന്‍ അച്ചടിച്ച്‌ വിതരണം ചെയ്യും. ജില്ലയില്‍ ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കാനാണ്‌ പദ്ധതി.