
ഒരുമനയൂരിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു

ചാവക്കാട് : ഒരുമനയൂർ പഞ്ചായത്തിന്റെ ചിരകാല സ്വപ്നമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി നിര്‍മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നഗര സംയോജനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടിവെള്ള സംഭരണിക്കും മറ്റുമായി 4.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.
പഞ്ചായത്തിലെ നാലാം വാര്‍ഡ് തങ്ങള്‍പടിക്ക് കിഴക്ക് ലഭ്യമാക്കിയ 15 സെന്റ് സ്ഥലത്ത് അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി നിര്‍മിക്കുകയും അനുബന്ധ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്യും. ഇതിനായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നഗരസംയോജന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്. ഒരുമനയൂരിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കാനുള്ള ഈ പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജെ ചാക്കോ, പി.എം സാഹിത്, ഒരുമനയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷ്‌റ മുഹമ്മദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.എസ് ഷെക്കീര്‍, പി.കെ. കബീര്‍, പഞ്ചായത്ത് അംഗം ഹിഷാം കപ്പല്‍, സെക്രട്ടറി ഷിബുദാസ് കൊമേരി എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
