Post Header (woking) vadesheri

മതം മാറാൻ തയാറാകാതിരുന്നതിനാലാണ് മകളെ കൊന്നതെന്ന് സാവരിയയുടെ കുടുംബം

Above Post Pazhidam (working)

ആലപ്പുഴ: ഉസ്ബക്കിസ്ഥാനില്‍ സഹപാഠിയുടെ അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പ്രതിയായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ ആനം സാവരിയയെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നതായും, വിസമ്മതിച്ചതിനെ തുടര്‍ന്ന് തല മുതല്‍ കാല്‍ വരെ അതിക്രൂരമായി അടിച്ചുചതച്ചാണ് കൊലപ്പെടുത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

പ്രതി നിലവില്‍ ഉസ്ബക്കിസ്ഥാന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തില്‍ ബസന്ത് – മിനി ദമ്പതികളുടെ മകളായ സാവരിയ ബസന്തും (22) പ്രതി സദറുല്‍ ആനമും (23) ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ കൊച്ചിയിലെത്തിച്ച സാവരിയയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ റീ-പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കി. ഉസ്ബക്കിസ്ഥാന്‍ പോലീസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ പരിക്ക് മാത്രമാണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്.

ശരീരത്തിലെ മറ്റ് ക്രൂരമായ ചതവുകളെക്കുറിച്ച് അതില്‍ പരാമര്‍ശമില്ലാത്തതിനാലും, കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം നാട്ടില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പ്രതിയായ സദറുല്‍ ആനം മുന്‍പും സാവരിയയെ പലതവണ ഉപദ്രവിച്ചിരുന്നതായി സഹപാഠികളെ ഉദ്ധരിച്ച് കുടുംബം സംശയം പ്രകടിപ്പിച്ചു. ലാപ്‌ടോപ്പ് കൊണ്ട് പെട്ടെന്ന് അടിച്ചുകൊന്നതല്ലെന്നും ശരീരത്തില്‍ മുറിവില്ലാത്ത ഭാഗമില്ലാത്ത വിധം ക്രൂരമായാണ് മര്‍ദ്ദിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

പ്രതി സാവരിയയെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നതായി സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം പെണ്‍കുട്ടി താഴെ വീണു പരിക്കേറ്റതാണെന്ന് പറഞ്ഞാണ് പ്രതി സാവരിയയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കുറ്റം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. കൊലപാതകം വിദേശത്താണ് നടന്നതെങ്കിലും, പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിപ്പാട് പോലീസ് സദറുല്‍ ആനത്തിനെതിരെ കൊലക്കുറ്റം ചുമത്തി കേരളത്തില്‍ കേസെടുത്തിട്ടുണ്ട്.

First Paragraph Jitesh panikar (working)

ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര കരാര്‍ അനുസരിച്ച് ഇരയും പ്രതിയും ഇന്ത്യന്‍ പൗരന്മാരായതിനാല്‍ കേസ് ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ആവശ്യപ്പെടാം. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ വിചാരണയടക്കമുള്ള നിയമനടപടികള്‍ നാട്ടിലേക്ക് മാറ്റാനാണ് സാധ്യത.