തൃശൂരില്‍ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവൽ സ്വാഗതസംഘം ഓഫീസ് തുറന്നു
തൃശൂര്‍: തൃശൂര്‍ നഗരത്തിൽ ഡിസംബർ 15 മുതൽ ജനുവരി 15 വരെ നടക്കുന്ന ഹാപ്പി ഡേയ്‌സ് രാത്രി കാല ഷോപ്പിംഗിന് എല്ലാ സഹായവും നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. തൃശൂർ പാലസ് റോഡിൽ ചേംബർ ഓഫ് കോമേഴ്‌സ് കെട്ടിടത്തിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി. തൃശൂർ നഗരത്തിൽ തുടങ്ങി വെക്കുന്ന രാത്രികാല ഷോപ്പിംഗ് മറ്റു ജില്ലകൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷോപ്പിംഗ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ടി എസ് പട്ടാഭിരാമൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ അജിതാ വിജയൻ, ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, ഡി പി സി മെമ്പർ വര്ഗീസ് കണ്ടംകുളത്തി, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി ആർ വിജയകുമാർ, സെക്രട്ടറി എം ആർ ഫ്രാൻസിസ്, ട്രെഷറർ ടി എ ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.ഡിസംബർ 15 മുതൽ ജനുവരി 15 വരെ നടക്കുന്ന രാത്രികാല ഷോപ്പിംഗ് വേളയിൽ ടൗണിലേക്ക് എല്ലാ വാഹനങ്ങൾക്കും പ്രവേശനം ഉണ്ടാകുമെന്നു സംഘാടക സമിതി അറിയിച്ചു.
പുൽക്കൂട് മത്സരങ്ങൾ നടക്കുന്നത് ശക്തൻ നഗർ, ഈസ്റ്റ് ഫോർട്ട്, വെസ്റ്റ് ഫോർട്ട്, വഞ്ചികുളം എന്നീ സ്ഥലങ്ങളിൽ മാത്രമാണ്. ഒരു സ്ഥലവും മതിലുകളോ, അതിർത്തികളോ കെട്ടി തിരിക്കുന്നതല്ല. തൃശൂർ തേക്കിൻകാട് മൈതാനിയിൽ പുതു വർഷ പരിപാടികൾ മാത്രമാണ് നടക്കുക എന്നും സംഘാടകർ അറിയിച്ചു