കൊലപാതക ശ്രമം , ഗുണ്ട വരാൽ ഷാജി അറസ്റ്റിൽ
തൃപ്രയാർ :കൊലപാതകശ്രമം അടക്കം നിരവധി അടിപിടി കേസുകളിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ ഗുണ്ട അറസ്റ്റിൽ. വരാൽ ഷാജി എന്നു വിളിക്കുന്ന ചാഴൂർ പുതിയ വീട്ടിൽ ഷാജഹാനെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ വലപ്പാട് എസ്.ഐ. കെ.സി.രതീഷ്, അന്തിക്കാട് എസ്.ഐ. കെ.ജെ.ജിനേഷ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ മുപ്പതാം തിയ്യതി വൈകിട്ട് തൃപ്രയാറിൽ വച്ച് ഓട്ടോ ഡ്രൈവർ ചെമ്മാപ്പിളളി സ്വദേശി ചിറ്റാരത്ത് വിജിത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലാണ് അറസ്റ്റ് .
.അടിപിടിക്കേസിൽ അന്തിക്കാട് സ്റ്റേഷനിൽ വാറണ്ട് നിലവിലുള്ള ഇയാൾ രണ്ടു വർഷമായി ഒളിവിലായിരുന്നു. ഓരോ കേസുകളുണ്ടാക്കി മുങ്ങി നാടും വീടുമായി ബന്ധമില്ലാതെ ഒളിവിൽ കഴിയുന്ന പ്രകൃതക്കാരനാണ്. കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിന്റെ സംഘാംഗമാണ്. അന്തിക്കാട് വാടാനപ്പിള്ളി, പുതുക്കാട്, വലപ്പാട് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. ഞായറാഴ്ച രാത്രി പെരിങ്ങോട്ടുകരയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
തൃപ്രയാറിലെ സംഭവ ശേഷം പൊന്നാനി, കോട്ടയ്ക്കൽ ചാവക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തമിഴ്നാട്ടിലേക്ക് കടക്കാൻ പണത്തിനായി സുഹൃത്തിനെ തേടി രഹസ്യമായി വരുന്ന വഴി പോലീസ് സംഘം പിടികൂടുകയായിരുന്നു. എ.എസ്.ഐ എ.സി. ഷാജു, അന്തിക്കാട് സ്റ്റേഷനിലെ സി.പി.ഒ കെ.എസ്.റഷീദ് പി.എക്സ് സോണി, കെ.ബി.ഷറഫുദ്ദീൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ. എം കെ .ഗോപി, സി.പി.ഒ .ഇ.എസ് ജീവൻ, വലപ്പാട് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ഉല്ലാസ്, ജയൻ, സി.പി.ഒ ഉണ്ണികൃഷ്ണൻ, സിജുകുമാർ, അൻവർ സാദത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.