മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ളത് ഗുരുവായൂരിൽ
തൃശൂര്‍: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാകുന്നത് 3331 പോളിംഗ് സ്റ്റേഷനുകള്‍. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 55 വാര്‍ഡറുകളിലായി 211 പോളിംഗ് ബൂത്തുകളാണ് സജ്ജമാകുന്നത്. ജില്ലയിലെ ഏഴ് മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ളത് ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റിയിലാണ്. ഇവിടെ 43 വാര്‍ഡുകളിലായി 58 പോളിംഗ് ബൂത്തുകളാണുണ്ടാകുക.
മറ്റ് മുന്‍സിപ്പാലിറ്റികള്‍, വാര്‍ഡുകളുടെ എണ്ണം, പോളിംഗ് ബൂത്തുകളുടെ എണ്ണം എന്നിവ യഥാക്രമം, ചാലക്കുടി-36-37, ഇരിങ്ങാലക്കുട-41-43, കൊടുങ്ങല്ലൂര്‍-44-46, ചാവക്കാട്-32-32 , കുന്നംകുളം-37-38, വടക്കാഞ്ചേരി-41-42. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിലായി 274 വാര്‍ഡുകളില്‍ 296 പോളിംഗ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളില്‍ 1,469 വാര്‍ഡുകളില്‍ 2,824 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും.
ഇപ്രാവശ്യം പുതിയതായി 26 പോളിംഗ് ബൂത്തുകളാണ് രൂപീകരിച്ചത്. 1600 വോട്ടര്‍മാരില്‍ കൂടുതല്‍ വന്ന കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയിലും 1300 ലധികം വോട്ടര്‍മാരുള്ള ഗ്രാമപഞ്ചായത്തുകളിലുമാണ് പുതിയതായി പോളിങ് ബൂത്തുകള്‍ അനുവദിച്ചത്.
കുഷ്ഠ രോഗികള്‍ക്കായി 2 പ്രത്യേക പോളിംഗ് ബൂത്തുകളുണ്ടാകും. കൊട്ടരി ഗ്രാമപഞ്ചായത്തില്‍ 388 വോട്ടര്‍മാര്‍ക്കായി തിരുമുടിക്കുന്ന് ഗാന്ധിഗ്രാമം ത്വക്ക് രോഗാശുപത്രിയിലും നടത്തറ ഗ്രാമപഞ്ചായത്തില്‍ 57 വോട്ടര്‍മാര്‍ക്ക് ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എ ബ്ലോക്കിലും പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കും.