മൂന്നുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ : കണ്ടശാംകടവ് മാന്പുള്ളിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മാന്പുള്ളി കോരത്ത് കുടുംബക്ഷേത്രത്തിനു സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടി മകൻ ഗോപാലൻ (73), ഭാര്യ മല്ലിക (65), മകൻ റിജോയ് (40) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ സമീപത്തെ കുടുംബക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരൻ വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ എഴുതിയതെന്ന് കരുതുന്ന എഴുത്തും താക്കോലും പുറത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോപാലന്റെയും മകൻ റിജോയിയുടെയും മൃതദേഹം നടുമുറിയിലും മല്ലികയുടെ മൃതദേഹം മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്.
വികലാംഗനായ ഗോപാലൻ ഒറ്റയ്ക്ക് കൃത്യം നിർവഹിക്കാൻ സാധ്യതയില്ല. മകനോ ഭാര്യയോ ഇയാളെ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗാർഹിക പീഡനത്തിനെതിരെ മകനെറ് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു ഇത് അന്വേഷിക്കാൻ എത്തിയ പോലീസ് അപമര്യദയായി പെരുമാറി എന്നാണ് അയൽവാസികൾ പറയുന്നത് . ഇതാകാം മരണകാരണമെന്നാണ് സംശയം. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
മരിച്ച ഗോപാലൻ കയർവകുപ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യ മല്ലിക കരിക്കൊടി കയർ വ്യവസായ സംഘത്തിലെ താത്കാലിക സെക്രട്ടറിയായി വിരമിച്ചതാണ്. വിദേശത്തായിരുന്ന റിജോയ് ഏതാനും മാസങ്ങളായി നാട്ടിലുണ്ട്. ദമ്പതികൾക്ക് മറ്റൊരു മകൾ കൂടിയുണ്ട്. റിജോയിയുടെ ഭാര്യ: രമ്യ. മകൻ. ഹൃതിൻ കൃഷ്ണ.