ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി തട്ടിപ്പ് , കുന്നംകുളം സ്വദേശി അറസ്റ്റിൽ

ഗുരുവായൂർ : ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തുന്നയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കിഴൂര്‍ കരിപ്പറമ്പില്‍ പ്രേമനെയാണ് (62) അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളില്‍ നിന്നായി ഒരേ സീരീസിലുള്ള ടിക്കറ്റുകളെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. ഫലം വരുമ്പോള്‍ തന്റെ കയ്യിലെ ടിക്കറ്റുകളുടെ നമ്പറുകള്‍ തിരുത്തി ചില്ലറ വില്‍പ്പനക്കാരെ സമീപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ചിലരില്‍ നിന്ന് പണവും ചിലരില്‍ നിന്ന് സമ്മാനതുകക്ക് തുല്യമായ ടിക്കറ്റുകളുമാണ് വാങ്ങിയിരുന്നത്.

മാന്യമായി വേഷം ധരിച്ച് ബൈക്കിലെത്തി നല്ല പെരുമാറ്റത്തിലൂടെ ഇയാള്‍ ചില്ലറ വ്യാപാരികളുടെ വിശ്വാസം പിടിച്ചുപറ്റിയിരുന്നു. തട്ടിപ്പിനെ കുറിച്ച് കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ലോട്ടറിയിലെ നമ്പര്‍ തിരുത്തി ഇയാള്‍ ഒരുലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. സി.ഐ സി. പ്രേമാനന്ദകൃഷ്ണന്‍, എ.എസ്.ഐമാരായ പി.എസ്. അനില്‍കുമാര്‍, സുനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ ടി.ആര്‍. ഷൈന്‍, സി.പി.ഒമാരായ സഞ്ചു രവീന്ദ്രന്‍, പി.ടി. പ്രിയേഷ്, സി.എസ്. മിഥുന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.