മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനം , കെ.ടി. അദീബിനെ രാജിവെപ്പിച്ച് തലയൂരാനുള്ള നീക്കം

">

തിരുവനന്തപുരം: മന്ത്രി കെ ടി ജലീൽ അനധികൃതമായി നടത്തിയ വിവാദമായ ബന്ധു നിയമനത്തിൽ, ന്യൂനപക്ഷധനകാര്യകോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച ബന്ധു കെ.ടി. അദീബി നെ രാജിവെപ്പിച്ച്‌ തലയൂരാനുള്ള നീക്കം തുടങ്ങി . വിവാദം നിയമക്കുരുക്കിലേക്ക് നീങ്ങിയാൽ പാർട്ടി നേതൃത്വം ഇടയുമെന്ന് ഭയന്നാണ് നീക്കം. മുഖ്യമന്ത്രിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന കെ.ടി.ജലീലിന് അദ്ദേഹം കൈവിടുമോയെന്ന ആശങ്കയുണ്ട്. ഐഎന്‍എല്ലിനാണ് കോർപ്പറേഷന്‍റെ അധ്യക്ഷസ്ഥാനം. ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ എ.പി.അബ്ദുള്‍വഹാബും തയ്യാറായിട്ടില്ല.

സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാകട്ടെ പരസ്യമായി ജലീലിന് പിന്തുണ നല്‍കാനും തയ്യാറല്ല. മാധ്യമങ്ങള്‍ പ്രതികരണമാരാഞ്ഞെങ്കിലും ജില്ലാ നേതൃത്വം പ്രതികരിച്ചില്ല. അതേസമയം അദീപ് ഇന്‍റര്‍വ്യൂവിൽ പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വിശദീകരണത്തിലും ദുരൂഹത തുടരുകയാണ്. ജനറൽ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചതിന് ശേഷം കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് അഭിമുഖം നടന്നത്. ഇതേ കാലയളവിലാണ് ബന്ധുനിയമന വിവാദത്തില്‍ ഇ.പി.ജയരാജന്‍റെ രാജി ഉണ്ടായത്.

ജലീലിന്‍റെ ബന്ധുവിനെ നിയമിക്കാന്‍ നീക്കമുണ്ടെന്ന സൂചന ചില ഉദ്യോഗാർഥികൾക്ക് കിട്ടിയതിനാല്‍ വിവാദം ഭയന്ന് തല്‍ക്കാലം അദീപിനെ ഇന്‍ർവ്യൂവിൽ നിന്ന് മാറ്റി നിര്‍ത്തിയ ശേഷം പിന്നീട് നിയമനം നല്‍കുകയായിരുന്നു. അതേസമയം നേരത്തേ സി-ആപ്റ്റിലെ എംഡി നിയമനവുമായി ബന്ധപ്പെട്ട് ജലീലിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ നേതാവ് പാർട്ടി നേതൃത്വത്തെ പരാതി അറിയിച്ചതായും സൂചനയുണ്ട്. സാങ്കേതിക സര്‍വ്വകലാശാല പിവിസി സ്ഥാനത്ത് നിന്ന് ഗവര്‍ണ്ണര്‍ നീക്കം ചെയ്ത എം അബ്ദുള്‍റഹ്മാനെ സി-ആപ്റ്റിൽ നിയമിച്ചതിനെതിരെ പ്രമുഖനേതാവാണ് പരാതി നല്‍കിയത്. കെ.ടി. ജലീലിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സി-ആപ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors