വൈകിയെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചു, ഇൻഷുറൻസ് തുകയും പലിശയും നൽകാൻ ഉപഭോക്തൃ കോടതി വിധി
തൃശൂർ : വൈകി ക്ളെയിം ചെയ്തു എന്നതിൻ്റെ പേരിൽ ഇൻഷുറൻസ് അനുകുല്യം നിഷേധിക്കപ്പെട്ടതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശിനി കടുകപ്പറമ്പിൽ മോഹനൻ ഭാര്യ രാജി പി വി ഫയൽ ചെയ്ത ഹർജിയിലാണ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ ആമ്പല്ലൂരിലെ മൈക്രോ ഓഫീസ് ഇൻ ചാർജിനെതിരെയും തൃശൂരിലെ ഡിവിഷണൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായത്.
രാജിയുടെ ഭർത്താവ് വാഹനാപകടത്തിലാണ് മരണമടഞ്ഞത് . പോളിസി പ്രകാരം പി എ ഇൻഷുറൻസ് അനുകൂല്യം ലഭിക്കുവാൻ അർഹതയുണ്ടായിരുന്നു .എന്നാൽ രാജിക്ക് അതിനെക്കുറിച്ച് അപ്പോൾ അറിവുണ്ടായിരുന്നില്ല. വൈകി അറിയുകയും ക്ളെയിം ചെയ്യുകയുമായിരുന്നു.വൈകിയതിനാൽ ക്ളെയിംപ്രകാരം സംഖ്യ നൽകുവാൻ കഴിയില്ല എന്ന നിലപാടാണ് ഇൻഷുറൻസ് കമ്പനി സ്വീകരിക്കുകയുണ്ടായതു്.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
ഇൻഷുറൻസ് അനുകൂല്യം ലഭിക്കുവാൻ അർഹതയുണ്ടായിരുന്നു എന്നതു് കോടതി നിരീക്ഷിച്ചു. ക്ളെയിം സമർപ്പിക്കുവാൻ വൈകിയതുകൊണ്ട് അർഹതപ്പെട്ട ഇൻഷുറൻസ് അനുകൂല്യം നിഷേധിക്കുന്നതു് ശരിയായ നടപടിയല്ലെന്ന് ഹർജി ഭാഗം വാദിച്ചു.തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശുർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് ഇൻഷുറൻസ് പ്രകാരം ലഭിക്കേണ്ട ഒരു ലക്ഷം രൂപയും 12% പലിശയും നൽകാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ ഡി ബെന്നി ഹാജരായി