സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ ശാസ്ത്രജ്ഞൻ നമ്പി നാരായണന് കൈമാറി

">

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരം ശാസ്ത്രജ്ഞൻ നമ്പി നാരായണന് സംസ്ഥാന സർക്കാർ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് 50 ലക്ഷം രൂപയുടെ ചെക്ക് നമ്പി നാരായണന് കൈമാറിയത്.ഐ.എസ്.ആർ.ഒ ചാരക്കേസിൽ നിന്നും ഒരുപാട് പാഠങ്ങൾ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാജ്യത്തിന് നേട്ടം കൈവരിക്കുന്നതിന് തടയിടാൻ ചില ശക്തികൾ ഇടപെട്ടിരുന്നോ എന്നും അത്തരം നീക്കങ്ങൾ നടന്നിരുന്നോ എന്നും പരിശോധിക്കേണ്ടതാണ്. നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ ചില രാഷ്ട്രീയക്കാർ ശ്രമിച്ചു. അന്വേഷണ ഏജൻസിയെ വരെ സ്വാധീനിച്ചില്ലേയെന്നും പരിശോധിക്കേണ്ടതാണ്. അന്വേഷണ ഉദ്യോഗസ്ഥറെ സ്വാധീനിക്കുന്നതിൽ ആദ്യത്തെ പങ്ക് മാധ്യമങ്ങൾക്കാണ്. കേസിൽ നിരവധി ആളുകൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ആർക്കും വശപ്പെട്ട് പോകരുത്. നിക്ഷ്പക്ഷമായാണ് അന്വേഷണം നടത്തേണ്ടത്. ആ ജാഗ്രത ഈ കേസിൽ ഉണ്ടായില്ല.

അന്വേഷണ ഘട്ടങ്ങളിൽ മാധ്യമങ്ങൾ വിധികർത്താക്കളാകുന്നു. ഏജൻസികൾ അന്വേഷിക്കട്ടെ. അവർ പുറത്ത് വിടുന്ന വാർത്തകൾ ജനങ്ങളിൽ എത്തിക്കണം. ഇത് അനുഭവ പാഠമായി എടുക്കണം. നിരപരാധികളെ പോലും ക്രൂശിക്കാൻ ഇടയാക്കുന്നു. എന്തൊക്കെ സ്വാധീനം ഉണ്ടായാലും അന്വേഷണ ഏജൻസിയും ഉദ്യോഗസ്ഥനും നിക്ഷ്പക്ഷതയും ജാഗ്രതയും പുലർത്തണം. യഥാർഥത്തിൽ നഷ്ടപരിഹാര തുക നൽകേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. അതിൽ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്വകാര്യമായി പണം നൽകുന്നതല്ല മറിച്ച് പരസ്യമായി നൽകുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും പിണറായി വ്യക്തമാക്കി.

മറ്റ് മുഖ്യമന്ത്രിമാരെക്കാൾ കേസിനെ കൂടുതൽ മനസിലാക്കിയത് പിണറായി വിജയനാണെന്ന് നമ്പി നാരായണൻ പറഞ്ഞു. കള്ളക്കേസാണെന്ന് മുഖ്യമന്ത്രിക്ക് പൂർണ ബോധ്യമുണ്ടായിരുന്നു. കേസ് തുടങ്ങിയ ശേഷം ഇത് ആറാമത്തെ മുഖ്യമന്ത്രിയാണ്. ഈ സർക്കാർ കൂടെയുണ്ടെന്ന സന്തോഷം തോന്നുന്നു. മറ്റ് സർക്കാറുകളിൽ അത് കണ്ടിരുന്നില്ല. കെ. കരുണാകരനെ താഴെയിറക്കലായിരുന്നു ലക്ഷ്യമെന്ന് പറയപ്പെടുന്നു. എന്നാൽ, ഇത് മാത്രമായിരുന്നില്ല ലക്ഷ്യമെന്നും മറ്റ് ശക്തികളും കേസിന് പിന്നിൽ ഉണ്ടായിരുന്നുവെന്നും നമ്പി നാരായണൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors