

തൃശൂര്‍ : ജില്ലയുടെ കായികരംഗത്തിന്റെ വികസനത്തിന് ഉണര്‍വേകുന്ന ലാലൂര്‍ ഐ.എം വിജയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. നിര്‍മാണത്തിലിരിക്കുന്ന സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങളെല്ലാം നീക്കി പ്രവൃത്തികള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നിര്‍മാണത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജില്ലയിലെ കായിക പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ച് ആവശ്യമായ കര്‍മ പദ്ധതി ആവിഷ്‌ക്കരിക്കും. പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മറ്റ് തടസ്സങ്ങള്‍ നീക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും മനോഹരവും മികച്ചതുമായ സ്‌പോര്‍ട്‌സ് കോംപ്ലക്‌സായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. 58 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സിന്തറ്റിക് ടര്‍ഫ്, ഫുട്‌ബോള്‍ മൈതാനം, ഹോക്കി സ്‌റ്റേഡിയം, ഇന്‍ഡോര്‍ സ്‌റ്റോഡിയം, ടെന്നിസ് കോര്‍ട്ട്, നീന്തല്‍ക്കുളം, മൂന്നു നിലയുള്ള ഗാലറി തുടങ്ങിയവ ഒരുക്കും. അന്തര്‍ദേശീയ മല്‍സരങ്ങള്‍ നടത്താനുള്ള സൗകര്യങ്ങളോടെയായിരിക്കും ഇതിന്റെ നിര്‍മാണം. കുന്നംകുളത്ത് നിര്‍മിക്കുന്ന സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററിന്റെ പ്രവൃത്തി 80 ശതമാനം പൂര്‍ത്തിയായതായും അടുത്ത ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ കായിക പുരോഗതിക്കായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1000 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. സംസ്ഥാനത്ത് സമഗ്രമായ കായിക നയം രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കായിക രംഗത്തെ പ്രമുഖരുമായും വിദേശ സര്‍വകലാശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ജനുവരിയോടെ സംസ്ഥാന കായിക നയത്തിന് അന്തിമ രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ പഞ്ചായത്തുകളിലും ചുരുങ്ങിയത് ഒരു കളിക്കളമെങ്കിലും സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ 100 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും. കോഴിക്കോട് സര്‍വകലാശാലയുമായി ചേര്‍ന്ന് സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളും അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. കായിക താരങ്ങള്‍ക്ക് ഉള്‍പ്പെടെ പരിശീലനവും കായിക രംഗത്തെ മികച്ച കോഴ്‌സുകളും ഇവിടെ ഒരുക്കും.
ചെറു പ്രായത്തില്‍ തന്നെ കുട്ടികളെ സ്‌പോര്‍ട്‌സിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ കായിക വിജ്ഞാനം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. കായിക രംഗത്തെ പ്രതിഭകളെ നേരത്തേ തന്നെ കണ്ടെത്തി പരിശീലനം നല്‍കാന്‍ ഇതിലൂടെ വഴിയൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഫുട്‌ബോളില്‍ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി കൂടുതല്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കും. ഇതിനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി രണ്ടു വര്‍ഷത്തേക്കുള്ള ധാരണാ പത്രത്തില്‍ ഇതിനകം ഒപ്പുവച്ചു കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്കും പരിശീലകര്‍ക്കും റഫറിമാര്‍ക്കും ഉള്‍പ്പെടെ പരിശീലനം നല്‍കാന്‍ ഇതിലൂടെ സാധിക്കും. മറ്റ് കായിക മേഖലകളുടെ വികസനത്തിനും സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ കായികരംഗത്ത് നടക്കുന്ന പ്രവൃത്തികള്‍ കൃത്യമായ മേല്‍നോട്ടത്തിലൂടെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ അക്വാറ്റിക് കോംപ്ലക്‌സിന്റെ നവീകരണം സംബന്ധിച്ച വിഷയത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും. രാമവര്‍മപുരം പോലീസ് അക്കാദമിയിലെ ഷൂട്ടിംഗ് റേഞ്ച് പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും തുറന്നു കൊടുക്കുന്ന കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ട്രാക്കുകളുടെ എണ്ണം എട്ടാക്കി വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. നാട്ടിക ഫിഷറീസ് സ്‌കൂള്‍ ട്രാക്ക്, എരുമപ്പെട്ടി ഗ്രൗണ്ട്, ചാലക്കുടി പവലിയന്‍ ബില്‍ഡിംഗ് തുടങ്ങിയ പദ്ധതികളും യോഗത്തില്‍ അവലോകനം ചെയ്തു. വടക്കാഞ്ചേരി ചെപ്പാറയില്‍ സൈക്ലിംഗിന് സൗകര്യമൊരുക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ എംഎല്‍എമാരായ പി ബാലചന്ദ്രന്‍, അഡ്വ. വി ആര്‍ സുനില്‍കുമാര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സാംബശിവന്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലാലൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സന്ദര്‍ശന വേളയില്‍ ഫുട്‌ബോള്‍ താരം ഐ എം വിജയനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.