header 4

പാലക്കാട് സഞ്ജിത്തിന്റെ വധം, പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് പാലക്കാട് എസ്പി പറഞ്ഞു. പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കും. മുണ്ടക്കയത്തു നിന്നും മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈര്‍ നാലുമാസം മുൻപാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്.

Astrologer

സുബൈറിന് താമസിക്കാനായി എടുത്തുനല്‍കിയ വാടകക്കെട്ടിടത്തിലായിരുന്നു മറ്റു രണ്ടുപേരും ഉണ്ടായിരുന്നത്. ഇവരവിടെ താമസിച്ചത് ബേക്കറിയുടമ അറിഞ്ഞിരുന്നില്ല.
ആര്‍എസ്എസ് നേതാവ് സഞ്ജിതിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരില്‍ ഒരാളാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ പ്രധാന നേതാവാണ് അറസ്റ്റിലായ യുവാവ്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് എസ്പി വ്യക്തമാക്കി.

തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ പ്രതിയുടെ പേരും വിലാസവും ചിത്രവും പുറത്തുവിടാനാവില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൊലപാതകത്തില്‍ പങ്കെടുത്ത മറ്റു പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ എസ്. ഡി. പി. ഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും അന്വേഷണ സംഘം പറയുന്നു.

ഭാര്യയുമായി ബൈക്കിൽ പോവുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് വെട്ടിക്കൊന്നത്. ആർ.എസ്.എസ് തേനാരി മണ്ഡൽ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം സ്വദേശിയാണ് സഞ്ജിത്ത്. നവംബർ 17 ന് രാവിലെ 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം
സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ അർഷിതയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു സഞ്ജിത്ത്. മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സഞ്ജിത്ത്. ഇവർക്ക് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുണ്ട്. പ്രസവശേഷം സ്വന്തം വീട്ടിലായിരുന്ന അർഷിത അവിടെ നിന്നാണ് ജോലിക്ക് പോകുന്നത്. സഞ്ജിത്ത് സ്ഥിരമായി വരുന്ന സമയവും വഴിയും നിരീക്ഷിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.

അതേസമയം, സഞ്ജിത്തിന്റെ കൊലപാതകം ഉള്‍പ്പെടെ എസ്ഡിപിഐ ഉള്‍പ്പെട്ട എല്ലാ കൊലക്കേസുകളും എന്‍ഐഎ‌ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേന്ദ്രആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരെയാണ് ഇസ്ലാമിക തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയത്. ഇതുവരെ 50 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് ജിഹാദികള്‍ കൊലപ്പെടുത്തിയതെന്നും അമിത്ഷായ്ക്ക് നല്‍കിയ കത്തില്‍ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.