പൊതു വിദ്യാലയങ്ങൾ ഹൈ ടെക് ആകണെമങ്കിൽ അദ്ധ്യാപകരും “ഹൈ ടെക്” ആകണം : മന്ത്രി സി രവീന്ദ്രനാഥ്
ഗുരുവായൂർ : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പുതിയ കൂറ്റൻ കെട്ടിടങ്ങൾ പണിതത് കൊണ്ട് മാത്രം സ്‌കൂൾ ഹൈ ടെക് ആകില്ലെന്നും പഠിപ്പിക്കുന്ന അധ്യാപകരും ഹൈ ടെക്ക് ആകണമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് . ചാവക്കാട് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന്റെ ശതാബ്ദി സ്മാരക കെട്ടിടം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും വിദ്യാലയങ്ങളെല്ലാം അടുത്ത പ്രവേശനോത്സവത്തിന് മുമ്പായി ഹൈടെക് ആയി മാറ്റും . അടുത്ത അധ്യായനവർഷത്തിൽ ഇന്ത്യയിലെ ആദ്യത്തെ വിദ്യഭ്യാസരംഗത്തെ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറും.. പഠനത്തിലും കളികളിലും ഒരേ പോലെ വിദ്യാർത്ഥികൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരണം. ഇതിന് കുട്ടികൾകൊപ്പം അധ്യാപകരും പി.ടി.എയും കൈകോർക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കെ.വി.അബ്ദുൾഖാദർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചിലവിട്ടാണ് ശതാബ്ദി സ്മാരക കെട്ടിടം നിർമ്മിച്ചത്. സ്‌കൂളിലെ മറ്റ് പഴകിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് പണിയുന്നതിനായി രണ്ട് കോടി രൂപ അനുവദിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. ഒരു കോടി വിദ്യഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി കിഫ്ബിയിൽ നിന്നുമാണ് അനുവദിക്കുക. ഇതിന് വേണ്ടി നടന്നു വരുന്നനടപടികൾ ഈവർഷം പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.കവി അലി കടുകശേരി സ്‌കൂളിന്റെ സുവനീർ പ്രകാശനം നിർവ്വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ പ്രൊഫ പി.കെ.ശാന്തകുമാരി, വൈസ്‌ചെയർമാൻ കെ.പി.വിനോദ്, പ്രിൻസിപ്പാൾ വി.എസ്.ബീന, പ്രധാനധ്യാപിക കെ.സി.ഉഷ, രാധക്യഷണന്‍ കാക്കശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
.