ഗുരുവായൂരിൽ ഇല്ലം നിറ ഭക്തി സാന്ദ്രമായി ആഘോഷിച്ചു
ഗുരുവായൂര്‍: പ്രകൃതിയുടെ സമൃദ്ധിയായ പൊന്‍നെല്‍ക്കതിരുകള്‍ക്ക് ലക്ഷ്മീനാരായണപൂജ നടത്തി ഭക്തിയുടെ നിറവില്‍ ശ്രീഗുരുവായൂരപ്പന്റെ ശ്രീലകത്ത് സമര്‍പ്പിച്ച് ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 9.10-നും, 9.45-നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ഭക്തഹൃദയങ്ങളില്‍ സമൃദ്ധിയുടെ അറകള്‍ നിറച്ച ഇല്ലംനിറ ആഘോഷിച്ചത്. നിറയ്ക്കാവശ്യമായ അഞ്ഞൂറോളം നെല്‍ക്കതിര്‍ക്കറ്റകള്‍ ഇന്നലെ സന്ധ്യയോടെതന്നെ അവകാശികള്‍ കിഴക്കെനടയിലെ കല്യാണമണ്ഡപത്തിനുസമീപം എത്തിച്ചിരുന്നു. രാവിലെ അടിയന്തിരപ്രവൃത്തിക്കാരായ പത്തുകാര്‍ വാര്യന്മാര്‍ ക്ഷേത്രം ഗോപുരത്തിന് മുന്‍വശം ശുദ്ധമാക്കിയശേഷം അരിമാവണിഞ്ഞ് വലിയ നാക്കിലകള്‍ വെച്ചു.
തുടര്‍ന്ന് മനയം, അഴീക്കല്‍ എന്നീ പാരമ്പര്യ അവകാശകുടുംബങ്ങളിലെ അംഗങ്ങള്‍ കതിര്‍ക്കറ്റകള്‍ തലചുമടായി കൊണ്ടുവന്ന് അരിമാവണിഞ്ഞ നാക്കിലയും, ദീപസ്തംഭവും മൂന്നുതവണ വലംവെച്ച ശേഷം സമര്‍പ്പിച്ചു. തുടര്‍ന്ന് കീഴ്ശാന്തി കീഴേടം രാമന്‍മ്പൂതിരി പൂജാമണി കിലുക്കി കതിര്‍ക്കറ്റകളില്‍ തീര്‍ത്ഥം തെളിച്ച് ശുദ്ധിവരുത്തി. മുന്നില്‍ കുത്തുവിളക്കുമായി നീങ്ങിയ ആനന്ദന്‍ പിഷാരടിക്ക് പുറകില്‍ ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരി ഉണങ്ങലരിയിട്ട ഓട്ടുരുളിയില്‍ ആദ്യകതിര്‍ക്കറ്റകള്‍ വെച്ച് നാലമ്പലത്തിലേക്ക് എഴുന്നെള്ളിച്ചു. ഇദ്ദേഹത്തിനുപിന്നാലെ 13-കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാരും ബാക്കി കതിര്‍ക്കറ്റകളുമായി പിന്നില്‍ നീങ്ങി. തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാരായണനാമജപവും നിറയോ… നിറ… ഇല്ലംനിറ… വല്ലംനിറ… വട്ടിനിറ…. കൊട്ടനിറ… പത്തായംനിറ … നിറയോ… നിറ… എന്ന നിറവിളിയും, ശംഖുനാദവും, ചെണ്ടയുടെ വലംതല മേളവും കൊണ്ട് ദേവസന്നിധി ഭക്തിസാന്ദ്രമായി.
ഗുരുവായൂരപ്പന് മുന്നിലെ നമസ്‌കാരമണ്ഡപത്തില്‍ വെച്ച കതിര്‍ക്കറ്റകള്‍ക്ക് ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം തുടങ്ങിയ നിറക്കോപ്പുകള്‍ വെച്ച് പൊന്‍നിറമുള്ള നെല്‍ക്കതിരുകള്‍ മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കല്‍പിച്ച് തന്ത്രിമാരായ ദിനേശന്‍ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍നമ്പൂതിരി ലക്ഷ്മീനാരായണപൂജ നടത്തി. പൂജകള്‍ക്ക് ശേഷം ചൈതന്യവത്തായ കതിരുകളില്‍ ഒരു പിടി പട്ടില്‍ പൊതിഞ്ഞ് മേല്‍ശാന്തി ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തിയതോടെ ഇല്ലംനിറ ചടങ്ങുകള്‍ക്ക് സമാപനമായി.
പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്തു. നിറകതിര്‍ വാങ്ങാന്‍ അഭൂതപൂര്‍വമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ഹൈന്ദവ ഭവനങ്ങളില്‍ നിലവിളക്ക് വെച്ച് സ്വീകരിച്ചാണ് സമൃദ്ധിയുടെ കതിരുകള്‍ സമര്‍പ്പിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രന്‍, പി. ഗോപിനാഥ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍, ക്ഷേത്രം മാനേജര്‍ കെ.എം. വിനോദ് തുടങ്ങിയവര്‍ നിറചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൊയ്‌തെടുത്ത പുതിയ നെല്‍ക്കതിരില്‍ നിന്നുള്ള അരികൊണ്ട് പുത്തരിപായസമുണ്ടാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങ് ബുധനാഴ്‌ച രാവിലെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിയ്ക്കും.