കനത്ത വെള്ളക്കെട്ട് ,ചാവക്കാട് ഏനാമാവ് റോഡ് അടച്ചിട്ടു
ചാവക്കാട്: വെള്ളക്കെട്ടിനെ തുടര്‍ന്ന് എനാമാവ് റോഡു വഴിയുള്ള ഗതാഗതം പോലീസ് പൂര്‍ണമായും തടഞ്ഞു.പാലയൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ ബസ് സ്റ്റാന്‍ഡിനുള്ളിലൂടെയും ചാവക്കാട് ഐലന്‍ഡ് ജംങ്ഷന്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ വടക്കേ ബൈപ്പാസ് വഴിയുമാണ് യാത്ര ചെയ്യുന്നത്. രൂക്ഷമായ വെള്ളക്കെട്ടുള്ള ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ കിഴക്കേ ബൈപ്പാസ് ജംങ്ഷന്‍ വരെയും ട്രാഫിക് ഐലന്‍ഡ് ജംഗ്ഷന്‍ മുതല്‍ കിഴക്കേ ബൈപ്പാസ് ജംങ്ഷന്‍ വരെയുമുള്ള രണ്ടു ഭാഗങ്ങളിലാണ് ഗതാഗതം തടഞ്ഞത്.ചാവക്കാട് പോലീസ് സ്‌റ്റേഷന്‍ മുതല്‍ വടക്കേ ബൈപ്പാസ് വരെയുള്ള ചാവക്കാട്-കുന്നംകുളം റോഡിലും രൂക്ഷമായ വെള്ളക്കെട്ടാണ്.ചാവക്കാട് പോസ്റ്റ് ഓഫീസ് കെട്ടിടത്തിനകത്തേക്കും വെള്ളം കയറിയ നിലയിലാണ്.ദേശീയപാതയില്‍ തിരുവത്ര, ഒരുമനയൂര്‍, എടക്കഴിയൂര്‍ എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്.റോഡ് തകര്‍ന്നുകിടക്കുന്ന ഈ മേഖലയില്‍ വെള്ളക്കെട്ടുകൂടി ഉണ്ടായതോടെ ഗതാഗതം അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഉള്‍പ്രദേശത്തെ താഴ്ന്ന റോഡുകളും വെള്ളക്കെട്ടിലാണ്. വൈദ്യുതിക്കാല്‍ റോഡിനെ കുറുകെ വീണതോടെ ചക്കംകണ്ടം-മരുതയൂര്‍ റോഡു വഴിയുള്ള ഗതാഗതം നിരോധിച്ചു. രൂക്ഷമായ വെള്ളക്കെട്ടുള്ള പഞ്ചാരമുക്ക് ജംങ്ഷനില്‍ ഗുരുവായുരിലേക്ക് തിരിയുന്ന ഭാഗത്ത് അപകടം ഒഴിവാക്കാന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.