ഭഗവാൻ ആറാടിയ രുദ്ര തീർത്ഥത്തിൽ മുങ്ങി ഭക്തർ സായൂജ്യമടഞ്ഞു

Above Post Pazhidam (working)

ഗുരുവായൂർ  :  ഭഗവാൻ ആറാടി യ രുദ്ര തീര്‍ത്ഥകുളത്തില്‍ മുങ്ങി  ആയിരങ്ങൾ ആത്മ സായൂജ്യം നേടി. , വൈകീട്ട് നാലുമണിയോടെ ശ്രീലകത്തുനിന്നും മൂലവിഗ്രഹത്തിലെ ചൈതന്യം മുഴുവന്‍ ആവാഹിച്ചെടുത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള  പഞ്ചലോഹവിഗ്രഹം പുറത്തേക്കെഴുന്നെള്ളിച്ച് സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ വെച്ചു.  ചൈതന്യതേജസ്സുറ്റ പഞ്ചലോഹതിടമ്പ് വര്‍ഷത്തില്‍ ആറാട്ടുനാളില്‍ മാത്രമാണ് ശ്രീകോവിലില്‍ നിന്നും പുറത്തേക്കെടുക്കുക. തുടര്‍ന്ന് കൊടിമരചുവട്ടില്‍ വെച്ച് ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂര്‍ അജിത് നമ്പൂതിരി ഭഗവാന് ദീപാരാധന നടത്തി.

Poonthanam
Rugmani 700-200

ദീപാരാധന തൊഴാന്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ദീപാരാധനക്ക് ശേഷം ഗ്രാമപ്രദക്ഷിണത്തിനും, ആറാട്ടിനുമായി ഭഗവാന്‍  പുറത്തേക്കെഴുന്നെള്ളി. ഗുരുവായൂര്‍ ആനതറവാട്ടിലെ കൊമ്പന്‍ ദാമോദര്‍ദാസ് പഞ്ചലോഹ തിടമ്പോടുകൂടിയ ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റി. പറ്റാനകളായി രവീകൃഷ്ണന്‍, ഗോപികൃഷ്ണന്‍, സിദ്ധാര്‍ത്ഥന്‍, അക്ഷയ്കൃഷ്ണ തുടങ്ങിയവര്‍ ഇടം, വലം അണിനിരന്നു. വാളും, പരിചയം ഏന്തിയ കൃഷ്ണനാട്ടം കലാകാരന്‍മാരുടെ അകമ്പടിയോടെ ചോറ്റാനിക്കര വിജയന്‍ മാരാര്‍, പരയ്ക്കാട് തങ്കപ്പന്‍, കുനിശ്ശേരി അനിയന്‍ മാരാര്‍, ചെര്‍പ്പുളശ്ശേരി ശിവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യ തിമര്‍പ്പില്‍ എഴുന്നെള്ളിയ ശ്രീഗുരുവായൂരപ്പനെ നിറപറയും, നിലവിളക്കും വെച്ച്  ക്ഷേത്ര നഗരി എതിരെറ്റു . ക്ഷേത്ര മതില്‍കെട്ടിന് പുറത്തേയ്ക്ക് ഗ്രാമപ്രദക്ഷിണത്തിന് ഓരോസ്ഥലത്തിനും ഓരോ പ്രത്യേകതകളുണ്ട്. ഗോപുരം, വൃക്ഷം, പെരുവഴി എന്നിവ അഷ്ടദിക് പാലകന്‍മാരെ അനുസ്മരിച്ചുകൊണ്ടാണ്. വടക്കേ നടയിലെത്തി കഴിഞ്ഞാല്‍ വാദ്യവും, ആഹ്ലാദവും ഒരുനിമിഷം നിലച്ചു . പണ്ട് ആറാട്ട് നടന്നിരുന്നത് ചാട്ടുകുളത്ത് വെച്ചായിരുന്നു. അന്ന് ക്ഷേത്രം ട്രസ്റ്റിയുടെ കാര്യസ്ഥന്‍ കണ്ടിയൂര്‍ പട്ടത്ത് നമ്പീശന്‍ കൊല്ലപ്പെട്ടത് ആ സ്ഥലത്തുവെച്ചായിരുന്നു. കണ്ടിയൂര്‍പട്ടത്തെ വീട്ടിലെ ആരെങ്കിലുമെത്തി സങ്കടമില്ലെന്ന് പറഞ്ഞതോടെ എഴുന്നെള്ളിപ്പ് മുന്നോട്ടുനീങ്ങി.

Vasudev Inn

തുടര്‍ന്ന് പഞ്ചവാദ്യം അവസാനിച്ച്, പെരുവനം കുട്ടന്‍ മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, ചൊവ്വല്ലൂര്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേളത്തോടുകൂടിയ ഭഗവാന്റെ എഴുന്നെള്ളിപ്പ് ആരംഭിച്ചു. ക്ഷേത്രകുളം പ്രദക്ഷിണം കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തിലൂടെ ഭഗവാന്‍ ആറാട്ട് കടവിലെത്തി. തുടര്‍ന്ന് വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്തശേഷം, ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പാപനാശിനീ സൂക്തംജപിച്ച് ഭഗവാന്റെ പഞ്ചലോഹതിടമ്പ് മാറോട്‌ചേര്‍ത്ത് പിടിച്ച് രുദ്രതീര്‍ത്ഥകുളത്തില്‍ ഇറങ്ങി സ്‌നാനം ചെയ്തു. തുടര്‍ന്ന് ഓതിക്കന്‍മാര്‍, കീഴ്ശാന്തിമാര്‍ തുടങ്ങിയവരും സ്‌നാനം നടത്തി. ഇതോടെ ഭഗവാന്റെ ആറാട്ട് പൂര്‍ത്തിയായി. തുടര്‍ന്ന്  ആയിരക്കണക്കിന് ഭക്തരും കുളത്തിലിറങ്ങി ആറാട്ട്കുളി നടത്തി ആത്മസായൂജ്യംനേടി. അതിന് ശേഷം ഭഗവാന്റെ പഞ്ചലോഹ തിടമ്പ് പിടിയാന ദേവിയുടെ പുറത്തേറി 11-ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കുമ്പോള്‍,  ഭക്തരും നാമജപവുമായി ഭഗവാനെ പിന്തുടര്‍ന്നോടി. തുടര്‍ന്ന് കൊടിമരചുവട്ടിലെ  പൂജകള്‍ക്ക് ശേഷം തന്ത്രി, സ്വര്‍ണ്ണകൊടിമരത്തില്‍ നിന്നും സപ്തവര്‍ണ്ണകൊടി ഇറക്കി, ഭഗവാനെ ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച്, പഞ്ചലോഹ തിടമ്പിലെ ചൈതന്യം ശ്രീലകത്തെ മൂലവിഗ്രഹത്തിലേക്ക് ലയിപ്പിച്ചു. ഇതോടെ ഈ വർഷത്തെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി.