തൃശൂരിൽ സൂക്ഷ്മപരിശോധന പൂർത്തിയായി , രണ്ട് സ്വതന്ത്രരുടെ പത്രിക തള്ളി

">

തൃശൂർ : ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ രണ്ട് സ്വതന്ത്ര സ്ഥാനാർഥികളുടെയും രണ്ട് ഡമ്മി സ്ഥാനാർഥികളുടെയും പത്രികകൾ തള്ളി. ശേഷിച്ച ഒമ്പത് സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ചു. പൊതുനിരീക്ഷകൻ പി.കെ. സേനാപതിയുടെ സാന്നിധ്യത്തിൽ വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി. അനുപമയാണ് സൂക്ഷ്മപരിശോധന നടത്തിയത്. സ്വതന്ത്ര സ്ഥാനാർഥികളായ ജോർജ് മങ്കിടിയൻ, ഹംസ എ.പി. എന്നിവരുടെ പത്രികകളാണ് തള്ളിയത്. നാമനിർദ്ദേശകരുടെ വിവരം കൃത്യമല്ലാത്തതിനാലാണ് ജോർജ് മങ്കിടിയന്റെ പത്രിക തള്ളിയത്. വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കാത്തതിനാലാണ് ഹംസ എ.പിയുടെ പത്രിക തള്ളിയത്. സി.പി.ഐ.യുടെ ഡമ്മി സ്ഥാനാർഥി രമേഷ്‌കുമാർ, ബി.ജെ.പി.യുടെ ഡമ്മി സ്ഥാനാർഥി എ. പരമേശ്വരൻ എന്നിവരുടെ പത്രികകളാണ് അവരുടെ യഥാർഥ സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ചതിനാൽ തള്ളിയത്. ടി.എൻ. പ്രതാപൻ (കോൺഗ്രസ്), രാജാജി മാത്യു തോമസ് (സി.പി.ഐ.), സുരേഷ്‌ഗോപി (ബി.ജെ.പി.), നിഖിൽ ടി.സി. (ബി.എസ്.പി.), എൻ.ഡി. വേണു (സി.പി.ഐ.എം.എൽ. റെഡ് സ്റ്റാർ), സ്വതന്ത്രരായ സോനു, പ്രവീൺ കെ.പി., ചന്ദ്രൻ പി.എ, സുവിത് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഏപ്രിൽ എട്ടോടെ സ്ഥാനാർഥി പട്ടിക അന്തിമമാകും.

Leave a Reply

Your email address will not be published. Required fields are marked *

Sponsors