വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കുഴഞ്ഞുവീണ് മരിച്ചു. എഐസിസി അംഗവും തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റുമായ കാവല്ലൂര്‍ മധുവാണ് അന്തരിച്ചത്. 63 വയസായിരുന്നു. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള പ്രബലനേതാവായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍തന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധുവിന്റെ അന്ത്യത്തെത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണങ്ങള്‍ നിര്‍ത്തിവച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിളിമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നു. കാവല്ലൂര്‍ പട്ടികജാതി വെല്‍ഫെയര്‍ സഹകരണ സംഘം, വട്ടിയൂര്‍ക്കാവിലെ സ്വതന്ത്ര്യസമര സമ്മേളന സ്മാരകസമിതി, പ്രിയദര്‍ശിനി സാംസ്‌കാരിക സമിതി എന്നിവയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നാളെ രാവിലെ ഒന്‍പതിന് കെപിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം