കാരാട്ട് ഫൈസല്‍ എംഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫൈസല്‍ എം.ഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് പരിശോധന നടത്തി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആശുപത്രിയിലെത്തി പരിശോധന നടത്തിയത്.
സ്വര്‍ണക്കടത്തില്‍ നിന്നും ലഭിച്ച പണം ആശുപത്രിയമായി ബന്ധപ്പെട്ട് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും കസ്റ്റംസ് പരിശോധിക്കുന്നത്.കൊച്ചിയില്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്ന ഫൈസല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങളായി ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന ലഭിച്ചിട്ടുണ്ട്.
ഇടപാടിലെ ‘കിങ്പിന്‍’ എന്നാണ് ഫൈസലിനെ കസ്റ്റംസ് വിശേഷിപ്പിക്കുന്നത്. സ്വപ്‌ന സുരേഷും സംഘവും തിരുവനന്തപുരഗ വിമാനത്താവളം വഴി 400 കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിന്റെ നിഗമം. ഇതില്‍ ഒടുവില്‍ വന്ന 30 കിലോയോളം സ്വര്‍ണവുമായാണ് സംഘം പിടിയിലായത്. ഇവര്‍ കൊണ്ടുവന്ന സ്വര്‍ണത്തില്‍ 80 കിലോയോളം കാരാട്ട് ഫൈസല്‍ വഴി വിറ്റിട്ടുണ്ടെന്നാണ് കസ്റ്റംസിനു കിട്ടിയ വിവരം.
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മൂന്നു മാസം പിന്നിടുമ്ബോഴാണ് ഫൈസല്‍ പിടിയിലാകുന്നത്.മുന്‍പും സ്വര്‍ണക്കടത്ത് കേസുകളില്‍ പിടിക്കപ്പെട്ടയാളാണ് ഫൈസല്‍. അന്ന് പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു. നയതന്ത്ര ചാനല്‍ വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണത്തില്‍ ഏറെയും വാങ്ങിയത് കോഴിക്കോട്, മലപ്പുറം സ്വദേശികളാണ്.
ഇവര്‍ക്ക് കാരാട്ട് ഫൈസലുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഫൈസലിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുത്തിരുന്നു. സ്വര്‍ണ ഇടപാടിന്റെ വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന സൂചന കസ്റ്റംസ് നല്‍കി.