ഞാനൊരു രോഗി, ഇഡി കസ്റ്റഡിയിലെടുക്കുന്നത് തടയണം : സിഎം രവീന്ദ്രൻ ഹൈക്കോടതിയിൽ.
കൊച്ചി: വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നാലാമതും നോട്ടീസ് നൽകിയതിന് പിന്നാലെ ഹർജിയുമായി സിഎം രവീന്ദ്രൻ ഹൈക്കോടതിയിൽ. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡി രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇതിനു പിന്നാലെയാണ് അദ്ദേഹം ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്.
താൻ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സിഎം രവീന്ദ്രൻ ആവശ്യപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമുള്ള ഇഡിയുടെ നടപടികൾ സ്റ്റേ ചെയ്യണം. ഇഡിയുടെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഒപ്പം അഭിഭാഷകനേയും അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇഡി തനിക്ക് തുടർച്ചയായി നോട്ടീസുകൾ അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും രവീന്ദ്രൻ പറയുന്നു. ഇഡി രജിസ്റ്റർ ചെയ്ത ഒരു കേസിലും താൻ പ്രതിയല്ലെന്നും രവീന്ദ്രൻ്റെ ഹർജിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.
സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്.