ഉത്സവ ആഘോഷത്തിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് സുഹൃത്തുക്കൾ രക്ഷപ്പെടുത്തിയ ഫസലു അറസ്റ്റിൽ
ഗുരുവായൂര്‍: പോലീസ് കസ്റ്റഡിയിൽ നിന്ന് സുഹൃത്തുക്കൾ രക്ഷപ്പെടുത്തിയ ഗുണ്ടാ നേതാവ് ഫസലു (42 ) വീണ്ടും അറസ്റ്റിൽ . ചാവക്കാട് മണത്തല ബേബി റോഡ് കൊപ്രവീട്ടില്‍ സെയ്ത് മുഹമ്മദ് മകൻ ഫസലുദ്ധീൻ എന്ന ഫസലുവിനെയാണ് ഗുരുവായൂർ ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത് .ചാലക്കുടിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ഹൈവേ പിടിച്ചുപറി കേസിലും, മറ്റ് ഇരുപതോളം കവർച്ച പിടിച്ചു പറി വധശ്രമ കേസുകളിലും പ്രതിയായ ഫസലു , മുതുവട്ടൂര്‍ ചെറ്റിയാലയ്ക്കല്‍ ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലെത്തിയെന്ന രഹസ്യവിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ചാലക്കുടി നിഴല്‍പോലീസ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന്റെ സാഹായത്തോടെ സംഭവ സ്ഥലത്തെത്തിയത്.
മുതുവട്ടൂര്‍ ചെട്ട്യാലക്കല്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഒരു സംഘടന കൊണ്ടുവരുന്ന ആഘോഷത്തിനൊപ്പം നീങ്ങിയിരുന്ന ഫസലുവിനെ പൊലീസ് വളരെ തന്ത്രപൂര്‍വ്വം പോലീസ് പിടികൂടി പ്രതിയെ വിലങ്ങണിയിച്ചു. പിടികൂടി വിലങ്ങണിയിച്ചെങ്കിലും ആഘോഷത്തില്‍ പങ്കെടുത്തിരുന്ന 25-ഓളം പേര്‍ വരുന്ന സംഘം പൊലീസിനെതിരെ തിരിയുകയും ഗുണ്ടാസംഘ നേതാവായ ഫസലുവിനെ സംഘംചേര്‍ന്ന് പോലീസിനെ ഭീഷണിപ്പെടുത്തി മോചിപ്പിയ്ക്കുകയായിരുന്നു. . മാർച്ച് 11 തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെ മുതുവട്ടൂരിലെ ഗവ:ഹൈസ്‌ക്കൂളിന് സമീപംവെച്ചാണ് സംഭവം.
ഫസലുവിനെ രക്ഷപ്പെടുത്തിയ സംഭവത്തിൽ ഗുരുവായൂര്‍ പടിഞ്ഞാറേനട കൃഷ്ണവിഹാറില്‍ ആനന്ദിനെ (20)പോലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു .ഇരുപത്തിയഞ്ചോളം പേർക്കെതിരെ ഗുരുവായൂർ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു . ഒരു മാസത്തോളം നീണ്ട അന്വേഷത്തിനൊടുവില്‍ പരപ്പനങ്ങാടിയില്‍ നിന്നാണ് ഫസലുദ്ദീനെ പിടികൂടിയത്. . സി.ഐ സി.പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ കെ.എന്‍. മനോജ്, സീനിയര്‍ സി.പി.ഒ ടി.ആര്‍. ഷൈന്‍, സി.പി.ഒമാരായ പി.ടി. പ്രിയേഷ്, സി.എസ്. മിഥുന്‍, മനോജ്, നിഥിന്‍രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.