
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകൻ ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ മ്യൂസിയം എസ്ഐയുടെ വീഴ്ച സമ്മതിച്ച് കേസന്വേഷിക്കുന്ന പോലീസ് സംഘം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസിന്റെ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന ഹര്‍ജിയിയിലാണ് നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ഷീന്‍ തറയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അപകട ശേഷം ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോള്‍ ശ്രീറാമിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്നും ആശുപത്രി രേഖയില്‍ ഉണ്ടായിരുന്നു. ഇതുകണ്ട മ്യൂസിയം എസ്ഐ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ടതല്ലാതെ അതിനായി രേഖാമൂലം ആവശ്യപെട്ടിരുന്നില്ല എന്നാണ് ഷീന്‍ തറയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ബഷീറിന്റെ മരണത്തില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയും പരാതിക്കാരനെയും പഴിചാരി പൊലീസ് റിപ്പോര്‍ട്ട്. രക്തപരിശോധന നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന് തര്‍ക്കിച്ചത് മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തപരിശോധന നടത്തണമെന്ന് ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എസ്.ഐ ജയരാജ് ആവശ്യപ്പെട്ടെന്നും എന്നാല്‍ കൃത്യമായ പ്രത്യേക അപേക്ഷ നല്‍കണമെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഈ സമയം പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന് വിസമ്മതിച്ച് മൂലമാണെന്നാണ് മറ്റൊരു വിശദീകരണം.
