
ചിങ്ങം ഒന്നിന് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം

ഗുരുവായൂർ : ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് മൂന്നിന് കിഴക്കേനട മഞ്ജുളാൽ പരിസരത്ത് 251 വാദ്യപ്രതിഭകൾ അണിനിരക്കുന്ന മഞ്ജുളാൽത്തറ മേളത്തോടെയാണ് മഹോത്സവത്തിന് തുടക്കമാകുക. വാദ്യപ്രവീൺ ഗുരുവായൂർ ജയപ്രകാശ് മേളത്തിന് പ്രമാണം വഹിക്കും.
വൈകിട്ട് അഞ്ചിന് ഇലത്താളവാദ്യ രംഗത്തെ പ്രമുഖനായ പാഞ്ഞാൾ വേലുക്കുട്ടിക്ക് ‘ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരം’ സമ്മാനിക്കും. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്കാരം സമ്മാനിക്കും. തുടർന്ന് പെരിങ്ങോട് ചന്ദ്രന്റെ സാരഥ്യത്തിൽ പഞ്ചവാദ്യം, പട്ടുകുടകൾ, താലപ്പൊലി, ദേവരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഗുരുവായൂർ ക്ഷേത്രസന്നിധിയിലേക്ക് ഘോഷയാത്ര ആരംഭിക്കും.
കിഴക്കേ നടയിലെ ദീപസ്തംഭത്തിന് മുന്നിൽ 501 ഐശ്വര്യവിളക്കുകൾ സമർപ്പിക്കും. ഭാരവാഹികളായ ജി.കെ. പ്രകാശൻ, അഡ്വ: രവി ചങ്കത്ത്, കെ.ടി. ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശശികുമാർ കൊടമന, ജയറാം ആലക്കൽ, ശശികേനാടത്ത്, നിർമ്മല നായ്കത്ത്, സരളമുള്ളത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
